
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരി എന്ന വ്യാജേന മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 469000 രൂപ കൈപ്പറ്റിയത്. ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാർ, സന്ദീപ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായി എന്നതാണ്. ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് സുജിത അറസ്റ്റിലായത്. സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുജിത 4.25 ലക്ഷം രൂപയാണ് ബുധുനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് കൈക്കലാക്കിയത്. താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും സുചിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു. 2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പി എസ്‍ സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതായതോടെയാണ് ഉദ്യോഗാർത്ഥി പൊലീസിൽ പരാതി നൽകിയതും സുജിത അറസ്റ്റിലായതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam