നൂറ്റാണ്ട് പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ ചുമര് പൊളിച്ചപ്പോള്‍ കിട്ടിയത് 'നിധികുംഭം'

By Web TeamFirst Published Jul 4, 2019, 1:45 PM IST
Highlights

നഗരത്തിലെ പ്രധാന സ്‌കൂളില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചപ്പേള്‍ അരലക്ഷം രൂപ വിലമതിയ്ക്കുന്ന നിധികുംഭമടക്കമുള്ള ചെമ്പ് പാത്രങ്ങള്‍ കണ്ടെത്തി. ശ്രീനാരായണ മെമ്മോറിയല്‍ ഗവര്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍റ്റി സ്‌കൂളിലാണ് കാലപഴക്കം ചെന്ന തൂണ് വീണപ്പോള്‍ നിധി കുംഭം കണ്ടെത്തിയത്. തൂണു വീണതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചപ്പോളാണ് ചെമ്പ് പാത്രങ്ങള്‍ കണ്ടെത്തിയത്. 


ചേര്‍ത്തല: നഗരത്തിലെ പ്രധാന സ്‌കൂളില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചപ്പേള്‍ അരലക്ഷം രൂപ വിലമതിയ്ക്കുന്ന നിധികുംഭമടക്കമുള്ള ചെമ്പ് പാത്രങ്ങള്‍ കണ്ടെത്തി. ശ്രീനാരായണ മെമ്മോറിയല്‍ ഗവര്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍റ്റി സ്‌കൂളിലാണ് കാലപഴക്കം ചെന്ന തൂണ് വീണപ്പോള്‍ നിധി കുംഭം കണ്ടെത്തിയത്. തൂണു വീണതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചപ്പോളാണ് ചെമ്പ് പാത്രങ്ങള്‍ കണ്ടെത്തിയത്. 

ഒരു നിധികുംഭം, ആറ് വലിയ കുടങ്ങള്‍, ഒരു അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാര്‍പ്പുകള്‍ എന്നിവയാണ് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പ്രധാന അധ്യാപിക പി ജമുനാദേവി ജില്ലാ വിദ്യാഭ്യാസ ഓഫീസറും, ചേര്‍ത്തല നഗരസഭാ ചെയര്‍മാനുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന് പുരാവസ്തുക്കള്‍ കൈമാറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയം ഇന്‍ ചാര്‍ജ്ജ് കെ ഹരികുമാര്‍, എ ബി പയസ്, പ്രദീപ് കുമാര്‍ എന്നിവര്‍ സ്‌കൂളിലെത്തി പാത്രങ്ങള്‍ പരിശോധിച്ചു. 

മൂശാരിമാര്‍ ആലയില്‍ നിര്‍മ്മിച്ചതാണെന്നും നൂറു മുതല്‍, നൂറ്റമ്പത് വര്‍ഷം വരെ പഴക്കമുണ്ടെന്നും, സ്‌കൂള്‍ തുടങ്ങിയ സമയത്ത് കരപ്പുറത്തെ പ്രധാന വീടുകളില്‍ നിന്നും സംഭാവന നല്‍കിയിട്ടുള്ളവയാകാനാണ് സാധ്യതയെന്നും പുരാവസ്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുരാവസ്തു ഡയറക്ടറിന് റിപ്പോര്‍ട്ട് അയച്ച് ഉത്തരവ് വന്നശേഷം കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയത്തിലേയ്ക്ക് ചെമ്പ് പാത്രങ്ങള്‍ കൊണ്ടു പോകുമെന്നും പുരാവസ്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

click me!