തിരുവനന്തപുരത്ത് സ്കൂളില്‍ അജ്ഞാതരുടെ ആക്രമണം; ഒരു ബസ് കത്തിച്ചു, ഏഴ് ബസുകള്‍ അടിച്ചുതകര്‍ത്തു

By Web TeamFirst Published Sep 3, 2019, 12:57 PM IST
Highlights

സ്‌കൂളിൽ ഇരുപതോളം സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലുംഅതിൽ ഒന്നിൽ പോലും പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല എന്നത് ദുരൂഹത ഉയർത്തുന്നുണ്ട്.

തിരുവനന്തപുരം:  കാഞ്ഞിരംകുളം മൗണ്ട് കാർമൽ സ്‌കൂളിലെ ബസ് കത്തിക്കുകയും മറ്റ് ഏഴ് ബസുകൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളെക്കുറിച്ച് വിവരങ്ങളോ സൂചനയോ ലഭിക്കാതെ പൊലീസ്. ഇന്ന് പുലർച്ചേ രണ്ടരയോടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിലെ സിസിടിവി ക്യാമറകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. 

സ്‌കൂൾ കോമ്പൗണ്ടിനുമുകളിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. സ്‌കൂളിൽ ഇരുപതോളം സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലുംഅതിൽ ഒന്നിൽ പോലും പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല എന്നത് ദുരൂഹത ഉയർത്തുന്നുണ്ട്. സ്‌കൂളിലെ ഡേ കേയറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസാണ് കത്തി നശിച്ചത്. 

ബസിന് അടിയിലേക്ക് ചെറിയ കുപ്പി എറിയുന്നതും ഇതിന് പിന്നാലെ ചെറിയ വിളക്ക് എറിയുന്നതും രണ്ടുപേരുടെ കാലുകളും മാത്രമാണ് ബസ് കത്തിയ ഭാഗത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത് എന്നാണ് വിവരം. മറ്റൊരു ക്യാമറയിൽ കയ്യിൽ കമ്പി വടിയുമായി നിൽക്കുന്ന ഒരാളുടെ പകുതി ദൃശ്യം ലഭിച്ചതായാണ് സൂചന. 

സ്‌കൂളിലെ നീന്തൽ കുളത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ബസുകളിൽ ഏഴെണ്ണത്തിന്‍റെ ചില്ലുകളാണ് അടിച്ചു തകർത്തത്. ഇവിടെയുള്ള ക്യാമറയിലും ഇതിന്‍റെ ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവ സമയം സ്‌കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്‌കൂളിലെ മറ്റു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. 
 

click me!