നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറയിൽ എം. സ്വരാജിന് പകരം കെ.എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും, വൈപ്പിനിൽ എം.ബി ഷൈനിയെന്നും സൂചനയുണ്ട്.  

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് വിവരം. തൃപ്പൂണിത്തുറയിൽ എം. സ്വരാജിന് പകരം വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. മുൻപ് എം. സ്വരാജിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും, അദ്ദേഹം മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കെ.എൻ ഉണ്ണികൃഷ്ണനെ ഇങ്ങോട്ട് മാറ്റാനാണ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാൻ ഉണ്ണികൃഷ്ണന്റെ ജനപ്രീതി ഗുണകരമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

കെ.എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്ക് മാറുന്നതോടെ വൈപ്പിനിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. പുതുമുഖങ്ങളെയും വനിതകളെയും ഉൾപ്പെടുത്തി മണ്ഡലം നിലനിർത്താനാണ് നീക്കം. യുഡിഎഫ് സ്വാധീനമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും ശക്തരായ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. തൃക്കാക്കരയിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഇത്തവണ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. ജില്ലയിലെ മറ്റ് സിറ്റിംഗ് എംഎൽഎമാരായ പി.വി ശ്രീനിജിൻ (കുന്നത്തുനാട്), കെ.ജെ മാക്സി (കൊച്ചി), ആന്റണി ജോൺ (കോതമംഗലം) തുടങ്ങിയവർ വീണ്ടും മത്സരിക്കും.