
മലപ്പുറം: വിരമിക്കുന്നതിന് മുന്നോടിയായി അധ്യാപക ദിനത്തില്‍ താന്‍ പഠിപ്പിക്കുന്ന സ്‌കൂളിന് സമ്മാനമായി ശാസ്ത്ര പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കി അധ്യാപകന്‍. കൊണ്ടോട്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപകനായ അഷ്‌റഫ് മുസ്‌ലിയാരകത്താണ് താന്‍ 26 വര്‍ഷമായി ജോലി ചെയ്തുപോന്ന സ്‌കൂളിന് ഒരു ലക്ഷത്തോളം രൂപ ചെലവില്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്.
സര്‍വ ശിക്ഷാ കേരളം, ബി ആര്‍ സി കൊണ്ടോട്ടി എന്നീ ഏജന്‍സികളുടെ അക്കാദമിക പിന്തുണയോടെ അഞ്ച് ആറ് , എഴ് ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കിനെയും പഠന പ്രവര്‍ത്തനങ്ങളെയും ആധാരമാക്കി തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ശാസ്ത്രാശയങ്ങളാല്‍ അലങ്കൃതമായ ചുവരുകള്‍ സ്വയം വിവരണാത്മകമായ ശാസ്ത്ര പരീക്ഷണ സാമഗ്രികളും കുറിപ്പുകളും കൊണ്ട് നിറഞ്ഞതാണ് ശാസ്ത്ര പാര്‍ക്ക്.
കുട്ടികള്‍ക്ക് പരീക്ഷണങ്ങള്‍ സ്വയം ചെയ്യാന്‍ സാധിക്കും വിധത്തിലാണ് പാര്‍ക്ക് ക്രമീകരിച്ചത്. പ്രധാനാധ്യാപകന്‍ പി കെ അബ്ദുസ്സലാമിന്റെ പിന്തുണയും സഹായവും ശാസ്ത്ര പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ പ്രചോദനമായിട്ടുണ്ടെന്ന് അഷ്‌റഫ് മുസ്‌ലിയാരകത്ത് പറഞ്ഞു. ശാസ്ത്ര പാര്‍ക്ക് അധ്യാപക ദിനമായ ഇന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെയ്തലവി മങ്ങാട്ട് പറമ്പന്‍ ഉദ്ഘാടനം ചെയ്തു. 1987ല്‍ സര്‍വീസില്‍ പ്രവേശിച്ച അഷ്‌റഫ് അഞ്ചു വര്‍ഷം കൊളത്തറ സ്‌പെഷ്യല്‍ സ്‌ക്കൂളിലും മൂന്നു വര്‍ഷം ചിറയില്‍ യു പി സ്‌ക്കുളിലും പ്രവര്‍ത്തിച്ചു. പിന്നീടുള്ള 26 വര്‍ഷവും മേലങ്ങാടി സ്‌ക്കൂളിലായിരുന്നു സേവനം അനുഷ്ടിച്ചത്.
Read More : ജവഹർ നവോദയ വിദ്യാലയ ഒൻപതാം ക്ലാസ് പ്രവേശനം; അപേക്ഷ നടപടികളെന്തൊക്കെ?