ആലപ്പുഴയില്‍ കച്ചവടക്കാരന്‍ മരിച്ച സംഭവം; ഇടിച്ച വാഹനം പിടിച്ചെടുത്ത കാര്‍ തന്നെയെന്ന് പരിശോധനാഫലം

By Web TeamFirst Published Sep 27, 2019, 9:54 PM IST
Highlights

ഇടിച്ചത് ഈ കാർ തന്നെയെന്ന് പരിശോധനയിൽ വ്യക്തമായി. ഷാജി ഓടിച്ചിരുന്ന സ്കൂട്ടറിൽ പതിച്ചിരുന്ന ചില്ലുകൾ കാറിന്‍റേതുതന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു. 

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം ചെറുകിട കച്ചവടം നടത്തിയിരുന്ന പുന്നപ്ര സ്വദേശി ഷാജികുമാറിന്‍റെ മരണത്തിനിടയാക്കിയ കാർ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. സയന്‍റിഫിക് ഓഫീസർ വിചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

ഇടിച്ചത് ഈ കാർ തന്നെയെന്ന് പരിശോധനയിൽ വ്യക്തമായി. ഷാജി ഓടിച്ചിരുന്ന സ്കൂട്ടറിൽ പതിച്ചിരുന്ന ചില്ലുകൾ കാറിന്‍റേതുതന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു. ഒപ്പം അപകടസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയ ഫ്ലാപ്പും ഈ കാറിന്‍റേതാണന്ന് വ്യക്തമായി. അപകടമുണ്ടായ സമയം കാർ ഓടിച്ചിരുന്നത് ആരാണന്ന് കണ്ടെത്തുന്നതിന് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.

ചവറ സ്വദേശിയിൽ നിന്ന് വാങ്ങിയ കാർ ആറു യുവാക്കളുൾപ്പെട്ട സംഘമാണ് ആലുവയിലേക്ക് കൊണ്ടുപോയത്. ഇവരെ ആറു പേരെയും ശനിയാഴ്ച പുന്നപ്ര സ്റ്റേഷനിൽ വിളിച്ചു വരുത്തും. തുടർന്ന് കാറിൽ പതിഞ്ഞ വിരലടയാളവും ഇവരുടെ വിരലടയാളങ്ങളും തമ്മിൽ പരിശോധന നടത്തി പ്രതിയെ കണ്ടെത്തുമെന്നും എസ് ഐ കെ രാജൻ ബാബു പറഞ്ഞു. 

ചൊവ്വാഴ്ച പുലർച്ചെ 1.30 ന് വണ്ടാനം മെഡിക്കൽ കോളേജ് ജങ്ഷനു സമീപമായിരുന്നു അപകടം. ഷാജിക്കൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യ മിനിമോൾ, കാല്‍നട യാത്രികൻ സന്തോഷ് കുമാർ എന്നിവർക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകട ശേഷം നിർത്താതെ പോയ കാർ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

click me!