വഴിയരികിലെ സ്കൂട്ടറിൽ മണിക്കൂറുകൾക്കകം കൂടുകൂട്ടി കാട്ടുതേനീച്ചകൾ; ഇതെന്ത് മറിമായമെന്ന് നാട്ടുകാർ

By Web TeamFirst Published Sep 12, 2022, 4:33 PM IST
Highlights

മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്‌കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.

തേഞ്ഞിപ്പലം: വഴിയരികിൽ നിർത്തിയിട്ടു പോയ സ്കൂട്ടറിനടുത്തേക്ക് തിരികെയെത്തുമ്പോൾ അതിൽ  കാട്ടു തേനീച്ചകൾ കൂടുകൂട്ടിയാൽ എന്ത് ചെയ്യും?  ആരെ സഹായത്തിന് വിളിക്കും? അങ്ങനെയൊരു സങ്കടകരമാ‌യ അവസ്ഥയാണ് മലപ്പുറത്തുകാരനായ സുജിത്ത് കഴിഞ്ഞ ദിവസം നേരിട്ടത്. സ്കൂട്ടർ വഴിയരികിൽ നിർത്തി ആശുപത്രിയിലേക്ക് പോയി തിരികെ വന്നപ്പോഴാണ് താൻ പെട്ടിരിക്കുന്നത് വലിയൊരു അപായത്തിലാണെന്ന് സുജിത്തിന് മനസ്സിലായത്. മാതാപ്പുഴക്കടുത്ത് കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്‌കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത്. സംഭവം നേരിട്ടുകണ്ട നാട്ടുകാരും ആശങ്കയിലായി. 

ഇന്നലെയായിരുന്നു സംഭവം നടന്നത്. സ്‌കൂട്ടർ നിർത്തിയിട്ട് ആശുപത്രിയിലേക്ക് പോയി വന്നപ്പോഴേക്കും തേനീച്ചകൾ കൂടുകൂട്ടുകയായിരുന്നു. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്‌കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു. രാത്രി ഏഴ് മണി‌യോടെ സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്‌കൂട്ടർ എടുക്കാനായത്. 

സുജിത്ത് തനിയെ ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും  വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്കാനാകാതെ സന്ധ്യവരെ അവിടത്തന്നെ തുടരുകയായിരുന്നു സുജിത്ത്. തേനീച്ചകളെ നീക്കാൻ പലരെയും വിളിച്ചെങ്കിലും പകൽ നേരത്ത് തൊട്ടാൽ പ്രശ്‌നമെന്നായിരുന്നു എല്ലാവരുടെയും മുന്നറിയിപ്പ്. റോഡ് നിർമാണത്തിനായി എൻഎച്ചിലെ ആയിരക്കണക്കിന് മരങ്ങൾ വെട്ടിയതിൽ പിന്നെ താവളം നഷ്ടപ്പെട്ട തേനീച്ചകൾ സ്‌കൂട്ടർ കണ്ടപ്പോൾ ഒന്നിച്ച് പൊതിയുകയായിരുന്നുവെന്നാണ് കരുതുന്നത്. തേനീച്ചകളെ ഒഴിവാക്കിയതോടെയാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്.

Read Also: മലപ്പുറത്തും തെരുവുനായ ശല്യം രൂക്ഷം, നിലമ്പൂരിൽ ജില്ലാ ആശുപത്രിക്കകത്ത് അടക്കം നായ്ക്കളുടെ വിളയാട്ടം


 

 

click me!