
കോഴിക്കോട്: വീല്‍ചെയറില്‍ ഇരിക്കുന്ന ആൾരൂപം, തൊട്ടടുത്ത് വോട്ടിങ് മെഷീൻ, മുകളിലായി ത്രിവർണ്ണപതാക, മണലിൽ തീർത്ത ഈ ശിൽപ്പത്തിന് പറയാനുള്ളത് ഭിന്നശേഷി സൗഹൃദമായ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. വരുന്ന തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദം ആക്കുന്നതിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശിൽപ്പി ഗോകുലം ബാബുവും സംഘവും കോഴിക്കോട് ബീച്ചില്‍ മണല്‍ശില്‍പ്പം ഒരുക്കിയത്. ദേവഗിരി കോളേജ് എൻ എസ് എസ് വളണ്ടിയർമാരുടെ സഹകരണത്തോടെ രണ്ട് മണിക്കൂർ സമയമെടുത്താണ് ശിൽപ്പം പൂർത്തീകരിച്ചത്.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസ്സമാകരുതെന്ന സന്ദേശം ജനങ്ങളിലെത്തിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തിൽ ബീച്ചിൽ മണൽശിൽപ്പം നിർമ്മിച്ചത്. ചടങ്ങിൽ ജില്ലാ കലക്ടർ സാംബശിവ റാവു, അസിസ്റ്റന്റ് കലക്ടർ കെ.എസ്. അഞ്ജു, സബ് കലക്ടർ വി. വിഘ്നേശ്വരി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ഷീബ മുംതാസ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കെ വി ബാബുവും മണൽ ശിൽപം ഒരുക്കാൻ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam