
ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ (DYFI) പ്രവര്‍ത്തകര്‍ക്ക് നേരെ എസ്ഡിപിഐ (SDPI) പ്രവര്‍ത്തകരുടെ കൊലപാതക ശ്രമം. എസ്എഫ്‌ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവുമായ വെട്ടിയാര്‍ ശരവണയില്‍ അരുണ്‍കുമാറിനെ (21), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥുന്‍, ജസ്റ്റിന്‍ എന്നിവരെയുമാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഷമീര്‍, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അരുണ്‍ സുഹൃത്തിന്റെ വിവാഹത്തിനായി മംഗളപത്രം കൊടുക്കേണ്ട ആവശ്യത്തിന് വെട്ടിയാര്‍ മാമ്പ്ര കോളനിയിലുള്ള മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ബൈക്കുകള്‍ തമ്മില്‍ തട്ടിയത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിയത്.
തര്‍ക്കം പരിഹരിക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് തന്നെ ആക്രമിച്ചതെന്ന് ആക്രമണം നേരിട്ട അരുണ്‍ പറയുന്നു. നിലത്തിട്ട് ചവിട്ടിയ ശേഷം കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഇല്ലായിരുന്നു എങ്കില്‍ കൊലപ്പെടുത്തിയേനെയെന്നും അരുണ്‍ പറഞ്ഞു. അരുണിന്റെ വലത് നെഞ്ചിനാണ് കുത്തേറ്റത്. തുടയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അരുണിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുറത്തികാട് പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും സംഘര്‍ഷത്തിന് സാധ്യത. പ്രശ്‌നങ്ങള്‍ ഉണ്ടായ മാമ്പ്ര കോളനി ഭാഗത്ത് രാവിലെ ഒരു ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ സംഘര്‍ങ്ങള്‍ക്ക് സാധ്യത ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam