
തൃശ്ശൂർ കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷം. ശ്രീനാരായണപുരം,എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടലേറ്റം ശക്തമായിരിക്കുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ പള്ളി കടലേറ്റത്തിൽ തകർന്നു.ശനിയാഴ്ച ഉച്ച മുതൽ ആരംഭിച്ച കടൽക്ഷോഭത്തിൽ എറിയാട് ആറാട്ടുവഴി മമ്പഉൽ ഉലൂം പള്ളി പൂർണമായും തകർന്നു.
കടലേറ്റം തുടരുന്നതിനാൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എറിയാട് ഒന്നാം വാർഡിലെ കടപ്പുറത്തും ലൈറ്റ് ഹൗസ് കടപ്പുറത്തും വീടുകളിൽ വെള്ളം കയറി. അഴീക്കോട് ലൈറ്റ് ഹൗസ്, ചേരമാൻ, മണപ്പാട്ടുച്ചാൽ, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് എന്നിവിടങ്ങളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ ക്ഷേത്രവും കടലേറ്റത്തിൽ വെള്ളം കയറിയ നിലയിലാണ്.
അറപ്പത്തോട് ഭാഗവും കടൽ വെള്ളം കയറി നിറഞ്ഞ് ഒഴുകുകയാണ്. നിരവധി വീടുകൾ താമസയോഗ്യമല്ലാതായിട്ടുണ്ട്. ചിലയിടങ്ങളിൽ ശക്തമായ തിരമാലയടിച്ച് ജിയോ ബാഗ് കൊണ്ട് നിര്‍മ്മിച്ച തടയണ ഇടിഞ്ഞു. ഇതിന് മുകളിലൂടെയാണ് കടൽവെള്ളം കരയിലേക്ക് ഒഴുകുന്നത്. തീരദേശ റോഡുകളും വെള്ളത്തിലായി. കരിങ്കല്ല് കൊണ്ടുള്ള കടൽഭിത്തി നിർമ്മിച്ചാൽ മാത്രമേ കടൽക്ഷോഭത്തെ ചെറുക്കാനാകൂവെന്ന് തീരദേശവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam