കരിങ്കല്ല് ഇറക്കാനുളള ടെന്‍ഡറിൽ ആരും പങ്കെടുത്തില്ല; പ്രദേശവാസികൾ പ്രതിഷേധത്തിൽ

By Web TeamFirst Published Jun 17, 2019, 10:09 AM IST
Highlights

കല്ലിന്‍റെ ലഭ്യതക്കുറവ്, വില കൂടുതൽ, പ്രവൃത്തി ചെയ്താൽ പണം കിട്ടാൻ വൈകൽ, കല്ല് സ്ഥാപിക്കാനുള്ള മണ്ണുമാന്തി യന്ത്രം കടപ്പുറത്ത് ഉപയോഗിച്ചാൽ പെട്ടെന്ന് തകരാറാകും തുടങ്ങിയ കാരണങ്ങളാൽ ടെൻഡറിൽ കരാറുകാർ പങ്കെടുത്തില്ലെന്നാണ് വിവരം

ചേർത്തല: കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗത്ത് കടൽഭിത്തി നിർമ്മിക്കാനായി കരിങ്കല്ല് ഇറക്കുവാൻ വിളിച്ച ടെന്‍ഡറിൽ ആരും പങ്കെടുക്കുവാൻ തയ്യാറായില്ല. ഇതോടെ പ്രദേശവാസികൾ സമരം നടത്തേണ്ട അവസ്ഥയായി. ഒറ്റമശേരി കടലാക്രമണ മേഖല സംരക്ഷണത്തിന് കരിങ്കല്ല് ഇറക്കുന്നതിനായി ജലസേചന വകുപ്പ് വിളിച്ച ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് റീടെൻഡർ വിളിച്ചു. ഇന്നലെ ടെൻഡർ തുറക്കൽ ദിവസം. എന്നാൽ ആരും ടെൻഡർ ചെയ്തില്ല.

കല്ലിന്‍റെ ലഭ്യതക്കുറവ്, വില കൂടുതൽ, പ്രവൃത്തി ചെയ്താൽ പണം കിട്ടാൻ വൈകൽ, കല്ല് സ്ഥാപിക്കാനുള്ള മണ്ണുമാന്തി യന്ത്രം കടപ്പുറത്ത് ഉപയോഗിച്ചാൽ പെട്ടെന്ന് തകരാറാകും തുടങ്ങിയ കാരണങ്ങളാൽ ടെൻഡറിൽ കരാറുകാർ പങ്കെടുത്തില്ലെന്നാണ് വിവരം. മുൻപ് ചെയ്ത ചില പ്രവൃത്തികളുടെ പണം സർക്കാരിൽ നിന്നും കരാറുകാർക്ക് നൽകാതെയുമുണ്ട്. ഇതും പങ്കെടുക്കാത്തതിന് കാരണമായിട്ടുണ്ട്. കൊണ്ടുവരുന്ന കല്ലുകളുടെ കിന്‍റൽ അളക്കുന്നതിന് ഇവിടെ സർക്കാർ സംവിധാനത്തിൽ വേ ബ്രിഡ്ജ് ഇല്ലാത്തും പ്രശ്നമാണ്. കരാറുകാരൻ വേ ബ്രിഡ്ജ് കൊണ്ടുവരേണ്ട അവസ്ഥയുമുണ്ട്.

അതേസമയം ഒറ്റമശേരി മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. മണൽചാക്കുകളുടെ സംരക്ഷണം മാത്രമാണ് പ്രദേശത്തെ വീടുകൾക്കുള്ളത്. കല്ലിറക്കിയാൽ മാത്രമെ ശാശ്വത പരിഹാരമാവുകയുള്ളു. തീരവും വീടുകളും കല്ലിറക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ തുടങ്ങിയ സമരം കല്ലിറക്കി നൽകാമെന്നുള്ള കലക്ടറുടെ ഉറപ്പിനെ തുടർന്നാണ് അവസാനിപ്പിച്ചത്. എന്നാൽ ടെൻഡർ എടുക്കാൻ ആളില്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ കല്ല് ഇറക്കുന്നത് വൈകുകയാണ്. റീടെൻഡർ ചെയ്താൽ 3 ദിവസത്തിനുള്ളിലെ തുറക്കാൻ സാധിക്കുകയുള്ളു.

click me!