എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കുവി തന്നെ കണ്ടെത്തി, ചേതനയറ്റ തന്റെ കളിക്കൂട്ടുകാരിയെ

By Web TeamFirst Published Aug 14, 2020, 9:15 PM IST
Highlights

ഒടുവില്‍ കുവി തന്നെ തന്റെ  കളിക്കൂട്ടുകാരിയെ കണ്ടെത്തി.  പതിവുപോലെ തന്നോട് ചിരിക്കാത്ത, കുശലം പറയാത്ത ധനുവിന് എന്തുപറ്റിയെന്ന് മാത്രം ഒരുപക്ഷെ കുവിക്ക് മനസിലായിക്കാണില്ല. 

ഇടുക്കി: ഒടുവില്‍ കുവി തന്നെ തന്റെ  കളിക്കൂട്ടുകാരിയെ കണ്ടെത്തി.  പതിവുപോലെ തന്നോട് ചിരിക്കാത്ത, കുശലം പറയാത്ത ധനുവിന് എന്തുപറ്റിയെന്ന് മാത്രം ഒരുപക്ഷെ കുവിക്ക് മനസിലായിക്കാണില്ല. തനിക്കൊപ്പം ചേർന്ന് നടന്ന കളിക്കൂട്ടുകാരിയെ തേടി എട്ട് ദിവസത്തോളം കണ്ണീരൊലിപ്പിച്ച് നടപ്പായിരുന്നു കുവി. 

പെട്ടിമുടിയിൽ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയ ധനുഷ്കയെന്ന രണ്ടുവയസുകാരിയുടെ  പ്രിയപ്പെട്ട സഹചാരിയായിരുന്നു കുവി എന്നു പേരുള്ള നായ.  എട്ടു ദിവസങ്ങളായി രക്ഷാപ്രവർത്തകർ തിരഞ്ഞിട്ടും കാണാത്ത ധനുഷ്കയെ കണ്ടെത്തിയതും  കുവി തന്നെയിരുന്നു.

ഉരുള്‍പൊട്ടി കാണാതായവര്‍ക്കുള്ള തിരച്ചിലിനിടെ ധനുഷ്‌കയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.  പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. 

ഇന്നലെ ഫയര്‍ഫോഴ്‌സും പൊലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്തായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.  ഇതിന് സമീപത്തുള്ള പാലത്തിനു അടിവശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്. വളര്‍ത്തുനായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.

കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.  അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.  അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്.  തനിക്കൊപ്പം നടന്ന ധനുവിനെ ഏറെ തിരച്ചിലുകൾക്കപ്പുറം കണ്ടെത്തിയിടത്തു തന്നെയാണ് കുവി ഇപ്പോഴും. ഒരിക്കലും തിരിച്ചുവരാത്ത ഒരിടത്തേക്ക് അവൾ യാത്രപറഞ്ഞ് പോയെന്ന് അവൻ ഇനിയും തിരിച്ചറിഞ്ഞുകാണില്ല.

click me!