
സുല്‍ത്താൻ ബത്തേരി: കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാമനും പിടിയില്‍. മലപ്പുറം വേരുപ്പാലം വെള്ളോടുചോല വീട്ടില്‍ അബ്ദുള്‍ റഷീദിനെയാണ് (50) ബുധനാഴ്ച രാവിലെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ ഓമശ്ശേരിയില്‍ നിന്ന് കൊടുവള്ളി പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
എല്ലാ സ്റ്റേഷനുകളിലേക്കും ക്രൈം കാര്‍ഡ് അയച്ചു കൊടുത്തും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയാണ് ജയം കണ്ടത്. റാഷിദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ വീട് കുത്തിതുറന്ന് 15,03,000 രൂപ കവര്‍ന്ന കേസിലാണ് ഇപ്പോഴുണ്ടായിരിക്കുന്ന അറസ്റ്റ്. ഈ സംഭവത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവായ മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടില്‍ വേണുഗാനനെ(52) ജൂണ്‍ 26ന് പാലക്കാട് നിന്ന് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 19-ന് രാവിലെ നാലിനും ആറിനുമിടയിലാണ് മോഷണം നടന്നത്. സുഹൃത്തുക്കളായ വേണുഗാനനും റഷീദും 18 ന് രാവിലെയാണ് ബത്തേരിയിലെത്തുന്നത്. ഇരുവരും പൂട്ടികിടക്കുന്ന വീടുകള്‍ രാത്രി അന്വേഷിച്ചിറങ്ങിയപ്പോഴാണ് കോട്ടക്കുന്നിലെ വീട് കണ്ടെത്തിയത്. അടുത്തുള്ള വാഴത്തോട്ടത്തില്‍ പതിയിരുന്ന് പരിസരം നീരീക്ഷിച്ച് ആരുമില്ലെന്നുറപ്പു വരുത്തി മണ്‍വെട്ടിയും കമ്പി ലിവറും ഉപയോഗിച്ച് വാതില്‍ പൊളിച്ച് ഇരുവരും വീടിനകത്തുകയറി.
അകത്തെ മുറിയുടെ വാതിലും കുത്തിപൊളിച്ച് മേശ വലിപ്പിലും മേശയുടെ മുകളിലുമുണ്ടായ പണമാണ് കവര്‍ന്നത്. മീന്‍ കച്ചവട ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നതെന്നാണ് അസീസിന്റെ മകന്‍ മുഹമ്മദ് ജവഹര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചയുടന്‍ കൃത്യമായ അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയിലേക്കെത്തിപ്പെടുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇരുവരെയും തിരിച്ചറിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam