
കായംകുളം: നഗരത്തിൽ മൂന്ന് സ്തീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ കീരിക്കാട് ഷെമീർ മൻസിലിൽ ഷെമീർ (34) പിടിയിലായത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും, ഷെമീറും മറ്റ് രണ്ട് പേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി മിനിയേയും, സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒന്നും, മൂന്നും, നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദേശാനുസരണം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ ഉദയകുമാർ, എസ് ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വെച്ച് കടന്നുപിടിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
പൊലീസ് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ ബസിറങ്ങി നടന്നുവരികയായിരുന്നു ഡോക്ടര്‍. ഈ സമയത്ത് എതിരേ നടന്നുവന്ന ശശികുമാര്‍ ഡോക്ടറെ കടന്ന് പിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് ഡോക്ടര്‍ പ്രതിരോധിച്ചതോടെ പ്രതി തിരികെ ആക്രമിച്ചു. ഇതോടെ ഡോക്ടര്‍ ബഹളം വയ്ക്കുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.