
തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റു സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റു കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎയുമായി സ്ഥാപന നടത്തിപ്പുകാരൻ ഉള്‍പ്പെടെ രണ്ടുപേരെ എക്സൈസ് പിടികൂടി. ലഹരി വിൽപ്പനക്ക് ടാറ്റു കേന്ദ്രം മറിയാക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നഗരത്തിലെ മയക്കുമരുന്ന് വ്യാപാരികളിൽ പ്രധാനിയുമായ, രാജാജി നഗർ സ്വദേശി മജീന്ദ്രനും, പെരിങ്ങമ്മല സ്വദേശി ഷോൺ അജിയുമാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ 'Step Up Tatoo Studio' എന്ന പേരിൽ ടാറ്റൂ ഷോപ്പ് നടത്തിയിരുന്ന രാജാജി നഗർ സ്വദേശി മജീന്ദ്രൻ ഈ ഷോപ്പിന്റെ മറവിൽ മയക്കു മരുന്ന് വ്യാപാരം നടത്തി വരികെയായിരുന്നു. ടാറ്റൂ ഷോപ്പിലെ സഹായിയായി നിൽക്കുന്ന ഷോൺ അജി, മജീന്ദ്രന്റെ എംഡിഎംഎ കച്ചവടത്തിന് കൂട്ടാളിയായിരുന്നു.
ടാറ്റൂ ഷോപ്പ് കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എല്‍ ഷിബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ ടീം രൂപീകരിച്ചു അന്വേഷണം നടത്തിയാണ് ഇവരെ തന്ത്രപൂർവ്വം പിടിയിലാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ കൊട്ടേഷൻ, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മജീന്ദ്രൻ, ടാറ്റൂ ഷോപ്പിലെ സാധങ്ങൾ വാങ്ങുന്നതിനായി ബാംഗ്ലൂരിൽ പോയി വരുമ്പോൾ എംഡിഎംഎ കൂടി ഒളിപ്പിച്ചു കൊണ്ടുവരാറുണ്ടായിരുന്നു.
ടാറ്റൂ കുത്തുന്നതിനായി എത്തുന്ന നിരവധി യുവതി യുവാക്കൾ ഇവരുടെ ഇരകളായി. മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ എസ്.ഐയെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മജീന്ദ്രൻ. രണ്ടാം പ്രതി ഷോൺ അജിയും മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരിശോധനയിൽ സ്‌ക്വാഡ് സി.ഐയെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ രതീഷ്. ആർ, പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ്കുമാർ, എം. സന്തോഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്ബാബു, കൃഷ്ണപ്രസാദ്, നന്ദകുമാർ, അക്ഷയ് സുരേഷ്, പ്രബോധ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷാനിദ എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam