നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി
കട്ടപ്പന ഫാസ്റ്റ് ട്രാക്ക് വിനീതിൻറെ നിയമ പോരാട്ടത്തെത്തുടർന്ന് അയൽവാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിഞ്ഞു

ഇടുക്കി: ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഒടുവിൽ നിരപരാധി ആണെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീത് എന്ന യുവാവാണ് ഡി എൻ എ ഫലം വന്നതോടെ നിരപരാധിയെന്ന് തെളിഞ്ഞതോടെ കേസിൽ നിന്നും രക്ഷപ്പെട്ടത്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിനീത് നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിൽ കേസിൽ അയൽവാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിയുകയും ചെയ്തു.
2019 ഒക്ടോബർ 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ പതിനാലുകാരി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അർധ സഹോദരന്‍റെ കൂട്ടുകാരനായ വിനീതാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടി ആദ്യം പൊലീസിന് നൽകിയ മൊഴി. പിന്നീട് പെൺകുട്ടിയും അമ്മയും വിനീതല്ലെന്ന് പൊലീസിനോട് പറഞ്ഞതോടെ ഇയാളെ പറഞ്ഞുവിട്ടു. എന്നാൽ പീഡിപ്പിച്ചത് വിനീതാണെന്ന് വീണ്ടും പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തുകയായിരുന്നു. ഇതിന് പിന്നാലെ വിനീത് റിമാൻഡിലാകുകയും ചെയ്തു. എന്നാൽ വിനീത് നിയമപോരാട്ടം തുടർന്നു. ഒടുവിൽ കേസിന്‍റെ വിചാരണക്കിടെ ഡി എൻ എ. ഫലം വന്നപ്പോളാണ് കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞത്.
തുടർന്ന് അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി മാറ്റി. അർദ്ധസഹോദരനെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഡി എൻ എ പരിശോധനയിൽ കുഞ്ഞിന്‍റെ അച്ഛൻ ഇയാളുമല്ലെന്ന് തെളിഞ്ഞു. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് കുഞ്ഞിന്റെ അച്ഛനെന്ന് സംശയമുണ്ടെന്ന് വിനീത് കോടതിയിൽ അറിയിച്ചതോടെ വീണ്ടും ഡി എൻ എ പരിശോധന നടത്തി. ഈ ഡി എൻ എ പരിശോധനയിലാണ് കുഞ്ഞിൻ്റെ അച്ഛൻ ശ്രീധരനാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിനീതിന് ആശ്വാസമയാത്. കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും നഷ്ട പരിഹാരം കിട്ടുംവരെ നിയമ പോരാട്ടം തുടരാനാണ് വിനീതിന്‍റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം