
ആലപ്പുഴ: പള്ളിപ്പാട് ക്ഷേത്രം സെക്രട്ടറി തിരുവാഭരണം മോഷ്ടിച്ച് മുങ്ങിയെന്ന് പരാതി. മണക്കാട്ട് ദേവീക്ഷേത്രം സെക്രട്ടറി വരുൺ സി. നായർക്കെതിരായ പരാതിയിൽ ഹരിപ്പാട് പൊലീസ് അന്വേഷണം തുടങ്ങി. അപഹരിച്ച തിരുവാഭരണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പാട്ടെ കേരള ബാങ്കിലായിരുന്നു 45 പവനോളം വരുന്ന തിരുവാഭരണം സൂക്ഷിച്ചിരുന്നത്.ഒമ്പതംഗ ഭരണസമിതി അറിഞ്ഞ് മാത്രമേ ലോക്കർ തുറക്കാവൂ എന്നതാണ് വ്യവസ്ഥ.
എന്നാൽ ക്ഷേത്രം സെക്രട്ടറി വരുൺ സി നായർ ആഭരണങ്ങൾ കൈക്കലാക്കി ഒൻപത് സുഹൃത്തുക്കളുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ ക്ഷേത്രഭരണസമിതി പിരിച്ചുവിട്ടിരുന്നു. ക്ഷേത്ര ഉടമസ്ഥരായ നാല് എൻഎസ്എസ് കരയോഗങ്ങളും ഭക്തജനങ്ങളുടെ കൂട്ടായ്മയും പരാതി നൽകിയതോടെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ക്ഷേത്രം സെക്രട്ടറി വരുൺ സി നായർ മുങ്ങി. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam