വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും; ഭക്ഷണ പരിശോധനയ്ക്ക് സംയുക്ത സ്ക്വാഡ്

By Web TeamFirst Published Nov 15, 2019, 10:45 PM IST
Highlights

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കാനും സ്ക്വാഡ് രൂപീകരിച്ച് സംയുക്ത ഭക്ഷണ പരിശോധന നടത്താനും തീരുമാനം. 

ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത ഭക്ഷണ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ കൂടിയ യോഗം തീരുമാനിച്ചു.  

നിലവില്‍ മൂന്നാറിലും തേക്കടിയിലും 15 ടൂറിസം പൊലീസുകാരാണുള്ളത്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്ന്യസിക്കും. വാഗമണ്‍, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലുള്ള ഔട്ട് പോസ്റ്റുകളില്‍ ടൂറിസം പൊലീസിന്റെ  മുഴുവന്‍ സമയ സേവനം ലഭ്യമാക്കും.  പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി. കൂടുതല്‍  തിരിക്കുള്ള സമയങ്ങളില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണ വിതരണം, അനധികൃത സഫാരി, റൈഡ് എന്നിവ നിയന്ത്രിക്കുന്നതിന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രജിസ്ട്രേഷന്‍ കര്‍ശനമാക്കും.

വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ഉടന്‍ ആരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സഞ്ചാരികളെ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കാനും വഴിയരികില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്.


 

click me!