
ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമൺ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ചില്ലു പാലം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് പാലത്തിൽ ചെളിപുരണ്ട് കിടക്കുന്നതും മദ്യക്കുപ്പിയും ഗ്ലാസും കണ്ടത്. തുടർന്ന ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ള കാറിൽ മൂന്ന് അംഗ സംഘ അഡ്വർഞ്ചർ പാർക്കിൽ എത്തുകയും ചില്ലുപാലത്തിൽ അതിക്രമിച്ച് കയറിയതായും കണ്ടത്. ഇതോടൊപ്പം ശുചിമുറിയിലെ വാതിലും പൈപ്പുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപിൽ വെച്ചിരുന്ന കുടിവള്ള കുപ്പികളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം, ഉദ്ഘാടനം കഴിയാത്ത ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിന്‍റെ ചില്ല് പൊട്ടിയ കേസിൽ അന്വേഷണം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
പാര്‍ക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. പൊട്ടിയ ചില്ല് മാറ്റിയിട്ട പാലത്തിൽ സുരക്ഷാ പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. അതേസമയം ഗ്ലാസ് ബ്രിഡ്ജിന്‍റെ വിശ്വാസ്യത വീണ്ടെടുക്കൽ നടത്തിപ്പ് ഏജൻസിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. പാലത്തിലെ ചില്ലുപാളി പൊട്ടിയതല്ല പൊട്ടിച്ചതാണെന്നായിരുന്നു നിര്‍മ്മാണ ചുമതലയുള്ള വൈപ്പോസിന്‍റെ തുടക്കം മുതലുള്ള ആരോപണം. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ് തന്നെയാണ് ശ്രീകാര്യം സ്റ്റേഷനിൽ പരാതിക്ക് പോയതും.
ഗേജ് കൂടിയ ചില്ല് തനിയെ പൊട്ടാനിടയില്ലെന്ന് മാത്രമല്ല സമീപ ദിവസങ്ങളിൽ വൈപ്പോസ് ജീവനക്കാരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ചില്ല് പൊട്ടിയ സംഭവത്തെ അധികൃതര്‍ കാണുന്നതും. ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തിയിരുന്നു, ശാസ്ത്രീയ പരിശോധനക്ക് പുറമെ സമീപ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശ്രീകാര്യം പൊലീസ് ശേഖരിക്കുന്നുണ്ട്. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരറിയാതെ സുരക്ഷാ മേഖലയിൽ ആരും അതിക്രമിച്ച് കയറില്ലെന്നിരിക്കെ അന്വേഷണം നീളുന്നതും ആ വഴിക്ക് തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam