
കോഴിക്കോട്: കടല വിൽപനയുടെ മറവിൽ കഞ്ചാവ് ഇടപാട് നടത്തുന്നവരെ കുടുക്കി കോഴിക്കോട് സിറ്റി പൊലീസ്. പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഉത്തർപ്രദേശ് സ്വദേശികൾ വലയിലായത്.
അർധരാത്രിയും പുലർച്ചെയുമായി രണ്ടിടത്താണ് കഞ്ചാവ് വേട്ട നടന്നത്. നാലു പേർ പിടിയിലായി. കണ്ടെത്തിയത് 25 കിലോ കഞ്ചാവ് ആണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങളെല്ലാം. ലക്നൌ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവരെയാണ് വെള്ളയിൽ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പണിക്കർ റോഡിലുള്ള വാടക റൂമിലായിരുന്നു പ്രതികൾ. ഇവരിൽ നിന്ന് 22.5 കിലോ കഞ്ചാവ് കണ്ടെടുത്തു.
ഉത്തർപ്രദേശിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിച്ച് വിൽക്കുന്നതാണ് രീതി. കടല കച്ചവടം മറയായി പ്രതികൾ ഉപയോഗിച്ചിരുന്നതായി ഡാൻസാഫ് കണ്ടെത്തിയിരുന്നു. ബീച്ച് , ഹാർബർ, ഫുട്ബോൾ ടർഫുകൾ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ, പിന്നാലെ കൂടുകയായിരുന്നു ഡാൻസാഫ്.
രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ കൂടി പുലർച്ചെ നടക്കാവ് പൊലീസിൻ്റെ പിടിയിലായി. ഇംഗ്ലീഷ് പള്ളിക്ക് സമീപത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. കൽക്കത്ത സ്വദേശി സൌരസ് സിത്താർ, കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് എന്നിവരാണ് പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam