Latest Videos

പഴയ മാർക്കറ്റിൽ നിന്ന് മാറില്ലെന്ന് കൽപ്പറ്റയിലെ മത്സ്യ-മാംസ കച്ചവടക്കാർ; പൊലീസിനെ ഇറക്കുമെന്ന് നഗരസഭ

By Web TeamFirst Published Feb 10, 2019, 12:50 AM IST
Highlights

മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ  ഡിസംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗങ്ങള്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്

കല്‍പ്പറ്റ: മലിനീകരണ നിയന്ത്രണബോര്‍ഡ് അടച്ച് പൂട്ടണമെന്ന് ഉത്തരവിട്ട കൽപ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള മത്സ്യ-മാംസ മാർക്കറ്റിൽ നിന്ന് ബൈപ്പാസ് റോഡിലെ പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറില്ലെന്ന് വ്യാപാരികൾ. പഴയ മാർക്കറ്റിലെ പോലെ പുതിയ മാർക്കറ്റിലേക്ക് ആളുകൾ എത്തില്ലെന്നും അതിനാൽ ജീവിതമാർഗം ഇല്ലാതാവുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. പിണങ്ങോട് നിന്ന് മാറ്റി മാർക്കറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയാൽ നൂറ് രൂപയുടെ മത്സ്യം വാങ്ങാൻ വരുന്നവർക്ക് ഓട്ടോ ചാർജ് കൂടി നൽകേണ്ടി വരുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ പുതിയ കെട്ടിടത്തിലേക്ക് മാറാതെ വേറെ പോംവഴി പ്രശ്നത്തിലില്ലെന്നാണ് നഗരസഭയുടെ നിലപാട്. വ്യാപാരികൾ നിലപാട് മാറ്റിയില്ലെങ്കിൻ പോലിസിനെ ഉപയോഗിച്ചാണെങ്കിലും പഴയ മാർക്കറ്റ് അടച്ച് പൂട്ടുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ  ഡിസംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗങ്ങള്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്

ആദ്യപരിശോധനയില്‍ മലിനജലം സംസ്‌കരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ നഗരസഭയോ കച്ചവടക്കാരോ തയ്യാറായില്ല. തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. മാര്‍ക്കറ്റില്‍ നിന്ന് മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ അടങ്ങിയ മലിനജലം തോട് വഴി പുഴയിലേക്ക് ഒഴുക്കുകയായിരുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

നഗരസഭയ്ക്ക് ബോര്‍ഡ് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനും മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നടപടി വിശദീകരിക്കാൻ വെള്ളിയാഴ്ച മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ യോഗം നഗരസഭ വിളിച്ചെങ്കിലും അലസിപ്പരിയുകയായിരുന്നു. ഏതായാലും. ബൈപ്പാസിലെ പുതിയ കെട്ടിടത്തിലേക്ക്  ഈ മാസം15നകം മാര്‍ക്കറ്റ് മാറ്റുമെന്ന നിലപാടിലാണ്  നഗരസഭ അധികാരികൾ.

click me!