ബെംഗളൂരുവില്‍ നിന്ന് കാറില്‍ ലഹരി കടത്തിയ കുന്നംകുളം സ്വദേശികളെയും, സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍: അര കിലോയില്‍ അധികം തൂക്കം വരുന്ന എംഡിഎംഎയുമായി കുന്നംകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മണ്ണുത്തിയില്‍ പിടിയിലായി. കുന്നംകുളം സ്വദേശികളായ അക്ഷയ് (24), റെവിന്‍സ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മണ്ണുത്തിക്കടുത്ത് മുടിക്കോട് നിന്നാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കാറില്‍ എംഡിഎംഎയുമായി വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും കസ്റ്ഡിയില്‍ എടുത്തിട്ടുണ്ട്. കുന്നംകുളം മാത്രം കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ വലിയ രീതിയില്‍ എം.ഡി.എം.എ. വിതരണം നടന്നിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരിക്ക് 15 ലക്ഷത്തോളം വില വരും. ലഹരി ഉറവിടവും അനുബന്ധകാര്യങ്ങളും അന്വേഷിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ ചൂലൂര്‍ സ്വദേശി മുഹമ്മദ് ജാസിം (27) ആണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൈപ്പമംഗലം പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൈപ്പമംഗലം എല്‍ ബി എസ് ഉന്നതിക്ക് സമീപം വെച്ചാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയുമായി മുഹമ്മദ് ജാസിം പിടിയിലായത്.

പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്ത് കേസെടുത്തു. കൈപമംഗലം പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഋഷി പ്രസാദ്, ജി എ എസ് ഐ വിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനോജ്, ഡാന്‍സാഫ് അംഗങ്ങളായ ജി എസ് ഐമാരായ പ്രദീപ്, ലിജു ഇയ്യാനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, സുര്‍ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.