മീശയും താടിയും വളര്‍ത്തിയത് ഇഷ്ടപ്പെട്ടില്ല; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

By Web TeamFirst Published Sep 6, 2018, 7:42 PM IST
Highlights

താടിയും മീശയും വളര്‍ത്തി ക്ലാസില്‍ എത്തിയിരുന്ന തന്നെ കുറച്ചു നാളുകളായി ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നവെന്നാണ് അന്‍സാരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്

കാസര്‍കോഡ്:  താടിയും മീശയും വടിക്കാൻ തയാറാവാത്തതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയര്‍ വിദ്യാർഥികളുടെ മര്‍ദനം. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ അന്‍സാരി (17)യെയാണ്  ദേഹമാസകലം പരിക്കുകളോടെ കാസർകോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താടിയും മീശയും വളര്‍ത്തി ക്ലാസില്‍ എത്തിയിരുന്ന തന്നെ കുറച്ചു നാളുകളായി ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നവെന്നാണ് അന്‍സാരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ബുധനാഴ്ച ക്ലാസില്‍ കയറിയ പ്ലസ്‌ ടു വിദ്യാർഥികൾ ബലമായി പിടിച്ചു കൊണ്ടുപോയി  ഷര്‍ട്ട് ഊരണമെന്നും താടിയും മീശയും വടിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതിനായി ഇവർ ബ്ലേഡും നൽകി. എന്നാല്‍, അനുസരിക്കാതെ വന്നപ്പോൾ  മര്‍ദിക്കുകയായിരുന്നുവെന്നും അന്‍സാരി പരാതിയില്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്ലസ്‌ടു വിദ്യാർഥികളായ അഹമ്മദ് സാഹിൽ, അഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അർഷാദ്, സിനാൻ, എന്നിവരുടെ പേരിൽ കേസ് രജിസ്റ്റര്‍ ചെയ്തതായി കാസർകോഡ് ടൗൺ പൊലീസ് അറിയിച്ചു. സ്കൂളില്‍ നിന്നുള്ള പരാതി ലഭിക്കുന്നതനുസരിച്ച് റാഗിംഗിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

click me!