കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ആനകള്‍ക്കുള്ള കര്‍ക്കിടക സുഖചികിത്സ തുടങ്ങി

By Web TeamFirst Published Jul 18, 2019, 8:06 AM IST
Highlights

ഇനി ഒരു മാസക്കാലം ആവോളം ഭക്ഷണവും മരുന്നും ചാറ്റൽമഴയിലെ കുളിയുമൊക്കെയായി സുഖചികിത്സയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കൊമ്പന്‍മാര്‍ക്ക്. 

തൃശ്ശൂര്‍: കൊച്ചിൻ ദേവസ്വം ബോര്‍ഡിന്‍റെ  ഉടമസ്ഥതയിലുളള ആനകള്‍‍ക്ക്  ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. എറണാകുളം ശിവകുമാറും രാചന്ദ്രനും എല്ലാം വരിവരിയായി ഈ വര്‍ഷത്തെ കര്‍ക്കിടക സുഖചികിത്സയ്ക്കായി വടക്കുംനാഥന്‍റെ ക്ഷേത്രസന്നിധിയിലെത്തി. ഇനി ഒരു മാസക്കാലം ആവോളം ഭക്ഷണവും മരുന്നും ചാറ്റൽമഴയിലെ കുളിയുമൊക്കെയായി സുഖചികിത്സയാണ് ഇവര്‍ക്ക്. 

കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ ബി മോഹനൻ ആനകൾക്ക് ഔഷധ ഉരുള നൽകിയാണ് ഈ വര്‍ഷത്തെ കര്‍ക്കിടക സുഖചികിത്സ ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ മരുന്നുകളോടൊപ്പം അലോപ്പതി മരുന്നുകളും ഉള്‍പ്പെടുത്തിയുള്ള സമ്മിശ്ര ചികിത്സാ രീതിയാണ് ആനകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ ബി മോഹനന്‍ പറഞ്ഞു. 

വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം മരുന്നും ചേര്‍ത്തു നല്‍കിയാണ് ഒരു വർഷത്തെ ആരോഗ്യ പരിപാലനമാണ്  ഉറപ്പാക്കുന്നത്. മൂന്ന് കിലോ അരി,ഒരു കിലോ വീതം ചെറുപയ‍ർ,മുതിര,റാഗിപ്പൊടി, 250 ഗ്രാം ച്യവനപ്രാശം, നൂറ് ഗ്രാം അഷ്ടചൂർണം  225 ഗ്രാം അയേൺ ടോണിക് എന്നിവയാണ് ആനകൾക്ക് നൽകുന്നത്. ആരോഗ്യവും തൂക്കവും മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ചികിത്സ ഗുണം ചെയ്യും. ഇപ്പോൾ മദപ്പാടിലുള്ള ആനകൾക്ക് പിന്നീടായിരിക്കും ചികിത്സ.

click me!