മഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവിനെ തേടി അന്വേഷണം, അവസാനിച്ചത് മലപ്പുറം എംഎസ്പി ക്യാമ്പിന് സമീപം...

Published : Oct 19, 2024, 01:59 PM IST
മഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവിനെ തേടി അന്വേഷണം, അവസാനിച്ചത് മലപ്പുറം എംഎസ്പി ക്യാമ്പിന് സമീപം...

Synopsis

മോഷണക്കേസിൽ ജയിലിൽ നിന്നിറങ്ങി ഒരു മാസം പിന്നിടും മുൻപ് വീണ്ടും മോഷണ പരമ്പര. 51കാരൻ പിടിയിലായത് മലപ്പുറം എം.എസ്.പി ക്യാമ്പിന് സമീപത്ത് നിന്ന്

മലപ്പുറം: കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയിൽ മോഷണം പതിവ്. അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലിൽ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്. മഞ്ചേരിയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണ സംഭവങ്ങളിലാണ് നെച്ചിക്കുണ്ട് വീട്ടിൽ വേണുഗാനൻ (51) പിടിയിലായത്.

മലപ്പുറം, വയനാട് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ രാത്രിയിൽ വീടുകളും ഷോപ്പുകളും കുത്തി പൊളിച്ച് അമ്പതിലധികം മോഷണങ്ങൾ നടത്തിയ കേസിൽ പ്രതിയായ വേണുഗാനൻ ഒരു മാസം മുൻപാണ് മറ്റൊരു മോഷണ കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയത്.  മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിയെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുത്തു.

ഈ മാസം 12ന് പുലർച്ച മഞ്ചേരി 22-ാം മൈലിലെ എ വൺ ടൂൾസ് എന്ന സ്ഥാപനത്തിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് രണ്ട് ലക്ഷം രൂപയും 12,000 രൂപയുടെ സാധനങ്ങളും കവർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ഏതാനും കടകളിലും പൂട്ട് പൊളിച്ച് അകത്തു കയറിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. കച്ചേരിപ്പടി ഐ.ജി.ബി.ടി.ക്ക് സമീപമുള്ള ഹോട്ടൽ സുൽത്താൻ പാലസിലും മോഷണം നടത്തിയിരുന്നു. 

വയനാട് സുൽത്താൻ ബത്തേരിയിൽ ഷോപ്പ് പൊളിച്ചു 14 ലക്ഷം കവർന്ന കേസിൽ ജയിലിലായ പ്രതി ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. കൂടുതൽ ചോദ്യം ചെയ്തതിൽ മഞ്ചേരിയിലെയും വേങ്ങരയിലെയും നിരവധി ഷോപ്പുകൾ കുത്തിപ്പൊളിച്ച് പണം കവർന്നതായി പ്രതി മൊഴി നൽകിയതായി പൊലീസ് വിശദമാക്കിയിട്ടുണ്ട്. എ.എസ്.ഐമാരായ രാജീവ്, അനീഷ് ചാക്കോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സവാദ്, തൗഫീഖ് മുബാറക്, സി.പി.ഒ ശ്രീഹരി, ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം