കനിവ് 108 ആംബുലൻസ് സേവനം ഭാഗീകമായി നിലച്ചിട്ട് ഏഴ് ദിവസം, വലഞ്ഞ് ജനങ്ങൾ, മൗനം പാലിച്ച് അധികൃതർ

By Web TeamFirst Published Feb 27, 2021, 5:14 PM IST
Highlights

ജനുവരി മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ 20ന് ആലപ്പുഴ ജില്ലയിലെ ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ജോലിയിൽ നിന്ന് ആദ്യം വിട്ട് നിന്നത്...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് സേവനം ഭാഗീകമായി നിലച്ചിട്ട് ഏഴ് ദിവസം. ജനുവരി മാസത്തെ ശമ്പളം ലഭിക്കാൻ വൈകുന്നതോടെ ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനാൽ അടിയന്തിര ആവശ്യങ്ങൾക്കും ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാനും ജനം ബുദ്ധിമുട്ടുന്നു. സംഭവത്തിൽ ഇടപെടാതെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും മൗനം പാലിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. 

ജനുവരി മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ 20ന് ആലപ്പുഴ ജില്ലയിലെ ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ജോലിയിൽ നിന്ന് ആദ്യം വിട്ട് നിന്നത്. തുടർന്ന് ഇത് എറണാകുളം, കണ്ണൂർ, ഇടുക്കി ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ ശമ്പളം കൃത്യമായി നൽകണം എന്നുൾപ്പടെ 12 ആവശ്യങ്ങൾ ഉന്നയിച്ച് 108 എംപ്ലോയീസ് യൂണിയൻ- സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം ജീവനക്കാർ സൂചന പണിമുടക്ക് നടത്തിയിരുന്നുയെങ്കിലും അവശ്യ സർവീസ് ആയതിനാൽ സമരം ചെയ്യുന്നത് ശരിയല്ല എന്ന നിലപാടിൽ ഭൂരിഭാഗം ജീവനക്കാരും വിട്ടു നിന്നതിനാൽ പിന്നീട് പണിമുടക്ക് അവസാനിച്ചിരുന്നു. 

ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇരുപതാം തീയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാർ കൂട്ട അവധിയിലേക്ക് പ്രവേശിച്ചത്. ആലപ്പുഴ ജില്ലയിൽ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ അവധിയിലാണെന്നും എന്നാല്‍ ഇത് സമരത്തിന്‍റെ ഭാഗമോ അസോസിയേഷനുമായി ബന്ധപ്പട്ടതോ അല്ലെന്നും കേരള 108 ആമ്പുലൻസ് എംപ്പോയിസ് യൂണിയൻ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സജിൻ മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞിരുന്നു. 

ഏഴ് ദിവസം പിന്നിട്ടിട്ടും അധികൃതർക്ക് ആലപ്പുഴ ജില്ലയിൽ ആംബുലൻസ് സേവനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ താത്കാലിക ജീവനക്കാരെ വെച്ച് കൊവിഡ്‌ ആവശ്യങ്ങൾക്ക് മാത്രമായി ഓടുന്ന ആംബുലൻസുകൾ മാത്രമാണ് ഇവിടെ സർവീസ് നടത്തുന്നത്. എറണാകുളം ജില്ലയിലെ ഭൂരിഭാഗം ആംബുലൻസുകളും ജീവനക്കാർ അവധിയിൽ ആയതിനാൽ സർവീസ് നടത്തുന്നില്ല. വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവുമായി കേരളം നേഴ്‌സസ് യൂണിയൻ, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും രംഗത്തുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഉത്തരവാദിത്വമുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് പദ്ധതി നടത്തിപ്പിന്‍റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ്‌ പ്രതിസന്ധികൾക്ക് കാരണമെന്നും ആരോപണമുണ്ട്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളുടെ നടത്തിപ്പ് തുക ഉൾപ്പടെ 50 കോടിയോളം രൂപ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാർ കമ്പനിക്ക് നൽകാൻ കുടിശിക ഉണ്ടെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

ശമ്പളം ചൊവ്വാഴ്‌ചക്ക് മുൻപ് നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു എന്ന് കമ്പനി അധികൃതർ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇത് നടപ്പിലാകാത്തതിനാൽ കൂടുതൽ ജില്ലകളിൽ ജീവനക്കാർ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. 

click me!