ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തം; ഇന്ന് തീരദേശ ഹർത്താൽ

By Web TeamFirst Published Feb 27, 2021, 11:10 AM IST
Highlights

നിലവിൽ മത്സ്യലഭ്യത തീരെ കുറഞ്ഞ് നഷ്ട കണക്ക് മാത്രം എണ്ണുന്ന മത്സ്യതൊഴിലാളികളെ കരാർ ഏറ്റവുമധികം ബാധിക്കുമെന്നാണ് പൊതുവെയുള്ള വാദം.

തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തം. കരാറിൽ പ്രതിഷേധിച്ച്  മത്സ്യ തെഴിലാളികൾ  ഇന്ന് തീരദേശ ഹർത്താൽ നടത്തും. ഇതിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം മുതൽ തന്നെ തീരദേശത്ത്  തുറ മുടക്കിയുള്ള പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കിയില്ല. കൊല്ലംകോട് മുതൽ മാമ്പള്ളി വരെയുള്ള ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികൾ തൊഴിലുപേക്ഷിച്ച്  തീരദേശ ഹർത്താലിൽ പങ്കാളികളാവും. നിലവിൽ മത്സ്യലഭ്യത തീരെ കുറഞ്ഞ് നഷ്ട കണക്ക് മാത്രം എണ്ണുന്ന മത്സ്യതൊഴിലാളികളെ കരാർ ഏറ്റവുമധികം ബാധിക്കുമെന്നാണ് പൊതുവെയുള്ള വാദം.

പരമ്പരാഗതമീൻ പിടിത്തക്കാർ ഏറെയുള്ള ജില്ലയാണ് തിരുവനന്തപുരം. യന്ത്രം ഘടിപ്പിച്ച് ചെറിയ ഔട്ട് ബോർഡ് ബോട്ടുകളിൽ ഉൾക്കടൽ വരെ പോയി ഉപജീവനം തേടുന്ന പതിനായിരക്കണക്കിന് പേർ ഇവർക്കിടയിലുണ്ട്.  ഓഖിക്ക് ശേഷമുള്ള കാലാവസ്ഥാമാറ്റവും കടലിൻ്റെ ആവാസവ്യവസ്ഥയിൽ വന്ന മാറ്റവും കാരണം  മീൻ ലഭ്യത സാരമായി  കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായിരുന്നു. ഇതിനിടയിൽ 400 ട്രോളർ ബോട്ടുകൾക്കും കപ്പലുകൾക്കും ആഴക്കടലിൽ നിന്ന് മീൻ പിടിക്കാനുള്ള അനുമതി അമേരിക്കൻ കമ്പനിക്ക് നൽകാനുള്ള  നീക്കമാണ് വലിയ തോതിലുള്ള  പ്രതിഷേധത്തിനിടയാക്കിയത്. 

റാലികളും പൊതുയോഗങ്ങളും ഒഴിവാക്കിയുള്ള ഹർത്താലിന് ജനത്തിൻ്റെ അകമഴിഞ്ഞ പിന്തുണയുള്ളതായി സ്വതന്ത്ര
മത്സ്യത്തൊഴിലാളി നേതാവ് അടിമലത്തുറ ക്രിസ്തുദാസ് അറിയിച്ചു. കരാറിനെതിരെ എം.വിൻസെൻ്റ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നാളെ
വിഴിഞ്ഞത്ത് നടത്തുന്ന സത്യഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
 

click me!