
കല്‍പ്പറ്റ: നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വേനച്ചൂടില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാതായതോടെ പരക്കുനി കോളനിക്കാര്‍ക്ക് ആശ്രയം പനമരം പുഴ തന്നെ. ചീങ്കണ്ണികളും മുതലകളും വിഹരിക്കുന്ന പുഴയില്‍ കുറച്ചുനാളായി അധികമാരും അലക്കാനും കുളിക്കാനുമൊന്നും എത്താറില്ലായിരുന്നു. കോളനിയിലെ സരിത എന്ന യുവതിയെ ചീങ്കണ്ണി ആക്രമിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് പുഴയിലിറങ്ങാന്‍ തന്നെ പേടിയായത്. എന്നാല്‍ ജലക്ഷാമം തുടങ്ങിയതോടെ കുളിക്കാനും അലക്കുന്നതിനുമൊക്കെയായി പകല്‍സമയങ്ങളില്‍ നിരവധി പേരാണ് എത്തുന്നത്.
കഴിഞ്ഞ ജനുവരി പതിനൊന്നിന് പരക്കുനി കോളനിയിലെ സരിത എന്ന യുവതിയെ പനമരം പുഴയില്‍ അലക്കുന്നതിനിടെ ചീങ്കണ്ണി ആക്രമിച്ചത്. ഇതിന് ശേഷം പുഴയിലിറങ്ങാനും തുണിയലക്കാനുമൊക്കെ പ്രദേശത്തുള്ളവര്‍ക്ക് ഭീതിയായിരുന്നു. വേനലിന്റെ കാഠിന്യം കൂടിയതോടെ പ്രദേശത്തെ കിണറുകള്‍ ഓരോന്നായി വറ്റി തുടങ്ങിയതായി ജനങ്ങള്‍ പറയുന്നു. ഇങ്ങനെ കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടതോടെയാണ് ഭീതി മാറ്റി വെച്ച് പുഴയില്‍ തന്നെ കുളിക്കാനും അലക്കാനും ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അന്നത്തെ സംഭവത്തിന് ശേഷം പുഴയിലിറങ്ങിയിട്ടില്ലെന്ന് സരിത പറയുമ്പോഴും വീട്ടുമുറ്റത്തുള്ള കിണര്‍ വറ്റിയാല്‍ എന്ത് ചെയ്യുമെന്നറിയില്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ചീങ്കണ്ണി ആക്രമിച്ചതും തലനാരിഴക്ക് രക്ഷപ്പെട്ടതും ഇപ്പോഴും ഭീതിയോടെയാണ് സരിത ഓര്‍ത്തെടുക്കുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ പുഴയില്‍ എത്തി തന്നെയാണ് അലക്കും കുളിയും നിര്‍വഹിക്കുന്നത്. ആഴമേറിയ ഭാഗങ്ങളില്‍ മാത്രമെ മുതലയും ചീങ്കണ്ണിയും ഉണ്ടാകൂവെന്ന് സ്വയം ആശ്വാസിച്ചാണ് ഓരോ ദിവസം ഇവര്‍ പുഴയിലെത്തി അലക്കും കുളിയും കഴിഞ്ഞ് മടങ്ങുന്നത്. അതേ സമയം ചീങ്കണ്ണി ആക്രമച്ചതിന് ശേഷം പുഴയില്‍ ഇറങ്ങാന്‍ ധൈര്യമുണ്ടായിട്ടില്ലെന്ന് സരിതയും വീട്ടുകാരും പറഞ്ഞു. ജലക്ഷാമം രൂക്ഷമായാല്‍ മറ്റുള്ളവരെ പോലെ തങ്ങള്‍ക്കും ആശ്രയം പുഴ തന്നെയായിരിക്കുമെന്നും സരിതയും കുടുംബവും പറഞ്ഞു. സരിതയുടെ ഇടതുകൈയ്യില്‍ ചീങ്കണ്ണിയുടെ പല്ലുകള്‍ ആഴ്ന്നിറങ്ങിയതിന്റെ പാടുകള്‍ ഇപ്പോഴും കാണാം. മുറിവ് പതുക്കെ ഭേദമായി വരുന്നതായും കുറെ ദിവസങ്ങള്‍ ഉറങ്ങാന്‍ പോലും കഴിയാത്ത വിധം വേദനയുണ്ടായിരുന്നുതായും സരിത വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam