
കോട്ടയം: പാലായിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം 12 വർഷം കഴിഞ്ഞാണ് വീണ്ടും പൊലീസ് പിടിയിലായത്.
20 വയസ് പ്രായമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയാണ് യഹിയാ ഖാൻ ക്രൂരമായി പീഡിപ്പിച്ചത്. 16 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് പാത്രക്കച്ചവടത്തിനാണ് പ്രതി പാലായിൽ എത്തിയത്. വീടുകൾ കയറി ഇറങ്ങി പാത്രം കച്ചവടം ചെയ്തിരുന്ന യഹിയാ ഖാൻ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി അകത്ത് കയറുകയായിരുന്നു. പെൺകുട്ടിയോട് കുടിക്കാൻ വെളളം ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.
എന്നാൽ കേസിൽ ജാമ്യം കിട്ടിയ യഹിയാ ഖാൻ 2012ൽ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയാണ് ഒളിവിൽ പോയത്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രതി ഷാർജയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ പൊലീസ് ഇന്റർ പോളിന്റെ സഹായം തേടി. അങ്ങനെ ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പട്ടിക ജാതി പീഡന നിരോധന നിയത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മിന്നൽ പരിശോധന, ബൈക്കിന്‍റെ സീറ്റിൽ പ്രത്യേക അറ കണ്ടെത്തി; പിടികൂടിയത് 50 ലക്ഷത്തിന്‍റെ കുഴൽപ്പണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam