
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40) രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി. നാളെ വിധി പറയും. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്‍ററിൽ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത് . ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.
ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി പകർത്തി. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാൽ 2019 ഇൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല.
2024 ഇൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കടുക്കാൻ എത്തിയ പീഡനത്തിൽ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഇതിൽ ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം 6 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
ഇപ്പോൾ രണ്ടാമത്തെ കേസിൽ ആണ് മനുവിനെ കുറ്റക്കാരൻ ആയി കണ്ടെത്തിയത്. ബലാത്സംഗത്തിന് ശ്രമത്തിനുള്ള വകുപ്പിലും പ്രതിയെ ഈ കേസിൽ കുറ്റക്കാരനായി കണ്ടത്തിയിട്ടുണ്ട്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ ഹാജരായി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഇടപെടുകയും സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam