
ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി. കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേർത്തല വയലാർ തെക്കേക്കര സ്വദേശിയുമായ രഞ്ജൻ (53) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം.
ആലപ്പുഴയിൽനിന്നും കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പഠിപ്പിക്കാനായി പോവുകയായിരുന്ന അധ്യാപികയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതിയായ രഞ്ജൻ. ബസ് തോട്ടപ്പള്ളി കന്നുകാലി പാലത്തിന് അടുത്തെത്തിയപ്പോൾ, തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ ഇതേ ബസിൽത്തന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam