ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ എസ്എഫ്ഐ - എബിവിപി സംഘര്‍ഷം

By Web TeamFirst Published Sep 18, 2018, 9:14 PM IST
Highlights

രാവിലെ 10 മണിയോടെ സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍, കൊടിമരം നശിപ്പിച്ചത് എബിവിപി ആണെന്ന് ആരോപിച്ച് ക്യാമ്പസിനുള്ളില്‍ പ്രതിഷേധം നടത്തിയിരുന്നു. 

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ എസ്എഫ്ഐ - എബിവിപി സംഘര്‍ഷത്തില്‍  രണ്ടുപേര്‍ക്ക് പരിക്ക്. ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാ രാവിലെ 11.30 തോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. 

രാവിലെ 10 മണിയോടെ സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍, കൊടിമരം നശിപ്പിച്ചത് എബിവിപി ആണെന്ന് ആരോപിച്ച് ക്യാമ്പസിനുള്ളില്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ഇരുവിഭാഗം പ്രവര്‍ത്തകരെയും പിരിച്ചുവിടുകയും ചെയ്തു. 

തുടര്‍ന്ന് എസ്എഫ്ഐ സമര പ്രഖ്യാപനം നടത്തുകയും ഇതോടെ ക്ലാസ്സുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങിയ കുട്ടികള്‍ റോഡിലേക്ക് മടങ്ങുന്നതിനിടയില്‍ എസ്എഫ്ഐ നഗരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനം എം.സി.റോഡില്‍ ഐടിഐ ജംഗ്ഷന് സമീപം എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. 

അടിപിടിയിലും കല്ലേറിലും രണ്ടുപേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണു, എബിവിപി പ്രവര്‍ത്തകന്‍ ലിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂര്‍ എസ് ഐ വി.എസ്. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

click me!