പുഴയും കാടും താണ്ടി അവരെത്തി; തരിപ്പപ്പൊട്ടി ആദിവാസി കോളനിയില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങി

By Web TeamFirst Published Jun 23, 2020, 8:16 PM IST
Highlights

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പുഴ കടന്ന് ചങ്ങാടത്തില്‍ 'സോളാര്‍ പാനലു'മായി വാണിയംപുഴയിലെത്തി
 

മലപ്പുറം: 2019 ലെ മഴയില്‍ കനത്ത നാശനഷ്ടം സംഭവിച്ച പ്രദേശമാണ് നിലമ്പൂരിലെ പോത്തുകല്ല് പഞ്ചായത്തിലെ വാണിയംപുഴ തരിപ്പപ്പൊട്ടി ആദിവാസി മേഖല. പ്രളയത്തില്‍ നഷ്ടപ്പെട്ട വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതുകൊണ്ട് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പ്രയാസത്തിലുമായിരുന്നു. 

ഇതോടെ പരിഹാരവുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പുഴ കടന്ന് ചങ്ങാടത്തില്‍ 'സോളാര്‍ പാനലു'മായി വാണിയംപുഴയിലെത്തിയത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതിയുറപ്പാക്കിയതോടെ തരിപ്പപ്പൊട്ടി ട്രൈബല്‍ മേഖലയിലെ 22 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ്‌ബെല്‍ പഠനസൗകര്യമൊരുങ്ങി. 

വളാഞ്ചേരി രണ്ടത്താണിയിലെ യുണൈറ്റഡ് ഗ്രൂപ്പാണ് 1000 വാട്ടിന്റെ സോളാര്‍ പാനല്‍ സൗജന്യമായി നല്‍കികൊണ്ട് എസ്എഫ്‌ഐയുടെ ഫസ്റ്റ്‌ബെല്‍ ഹെല്‍പ് ലൈനുമായി സഹകരിച്ചത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ സക്കീറിന്റെ നേതൃത്വത്തില്‍ ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളനിയില്‍ എത്തിയത്. 

സംസഥാന കമ്മിറ്റി അംഗങ്ങളായ  എം സജാദ്, ഹരികൃഷ്ണപാല്‍, അഹിജിത്ത് വിജയന്‍, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അക്ഷര, ഏരിയ പ്രസിഡന്റ് ഷിബില്‍, എസ് ടി പ്രമോട്ടര്‍ ആന്‍സി, മുണ്ടേരി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റഫീഖ്, ഹെഡ്മിസ്ട്രസ് സുജ എന്നിവര്‍ പങ്കെടുത്തു.

click me!