
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എസ്. എഫ്. ഐ രംഗത്ത്. വിദ്യാർഥികളിൽ നിന്ന് ഫീസ് പിരിച്ചെടുക്കുന്നതിലേക്ക് മാത്രമായി ഭരണസമിതിയുടെ ഉത്സാഹം ചുരുങ്ങുന്ന നിലയാണുള്ളതെന്നും ആവശ്യമായ ഒരുവിധ പഠനസൗകര്യവും ഒരുക്കാൻ പ്രസ് ക്ലബ് ഭരണ സമിതി തയ്യാറാകുന്നില്ലയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
എഡിറ്റ് സ്യൂട്ട്, ക്യാമറ, കംപ്യൂട്ടർ അടക്കമുള്ള അടിസ്ഥാന പഠനോപകരണങ്ങളെങ്കിലും ലഭ്യമാക്കണമെന്ന് അധ്യാപകരും വിദ്യാർഥികളും ആവശ്യമുന്നയിച്ചിട്ട് മാസങ്ങളായെങ്കിലും നടപടി ഉണ്ടായില്ല. അഞ്ചുമാസമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും ഓണറേറിയവും നൽകാൻ ഭരണസമിതി തയ്യാറായിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരത്തെ ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, സറീന സലാം എന്നിവർ അഭിവാദ്യം ചെയ്തു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ എസ്എഫ്ഐ സമരമുന്നണിയിലുണ്ടാകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam