
തിരുവനന്തപുരം: കടല് കയറി തകർന്ന ശംഖുമുഖം തീരം വീണ്ടെടുക്കാനുള്ള നടപടികളിലാണ് സർക്കാർ. തീരത്തോട് ചേർന്നുള്ള റോഡിന്റെ പുനർനിമ്മാണം ഫെബ്രുവരി ആദ്യം അവസാനിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
വലിയതോപ്പ് മുതൽ പഴയ കോഫി ഹൗസ് വരെയുള്ള തീരത്ത് കോൺക്രീറ്റ് ഡയഫ്രം വാളാണ് നിർമ്മിക്കുന്നത്. 350 മീറ്റർ നീളത്തിലാണ് നിർമ്മാണം. ഇതിന്റെ ഭാഗമായി തീരത്ത് ആറ് മീറ്റർ ആഴത്തിൽ ഇരുമ്പ് ഷീറ്റുകൾകൊണ്ട് താഴ്ത്തിയിട്ടുണ്ട്.
12 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മതിലിന് 50 സെന്റീമീറ്റർ ആണ് വീതി. ആദ്യം ആറ് കോടി രൂപയാണ് ശംഖുമുഖം വീണ്ടെടുപ്പിനായി അനുവദിച്ചിരുന്നതെങ്കിലും തുടർച്ചായുണ്ടായ കടലേറ്റത്തിൽ സമീപത്തെ റോഡും കടലെടുത്തതോടെയാണ് പദ്ധതി ചെലവ് 12കോടിയായി പ്രഖ്യാപിച്ചത്. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് നിർമ്മാണം.