മുഖ്യമന്ത്രി കനിയണം; അപകടത്തിൽ ശരീരം തളർന്ന സർക്കാരുദ്യോ​ഗസ്ഥന്റെ അപേക്ഷ

By Web TeamFirst Published Aug 31, 2019, 9:33 AM IST
Highlights

2015-ലാണ് പഞ്ചായത്ത് വകുപ്പിൽ യുഡി ക്ലര്‍ക്കായിരുന്ന ഷറഫിന് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് കഴുത്തിന് താഴേക്ക് പൂര്‍ണമായും തളര്‍ന്നു. സംസാര ശേഷിയും നഷ്ടമായി. 

കൊല്ലം: മുഖ്യമന്ത്രിയുടെ ദയവ് കാത്ത് ഒരു കുടുംബം. അപകടത്തിൽ പരിക്കേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കൂടിയായ ഷറഫും കുടുംബവുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മുഖ്യമന്ത്രിയുടെ കനിവ് തേടുന്നത്. എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ തന്‍റെ ജോലി കുടുംബത്തിലെ മറ്റൊര്‍ക്കെങ്കിലും നല്‍കണമെന്നാണ് ഷറഫിന്‍റെ ആവശ്യം.

2015-ലാണ് പഞ്ചായത്ത് വകുപ്പിൽ യുഡി ക്ലര്‍ക്കായിരുന്ന ഷറഫിന് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് കഴുത്തിന് താഴേക്ക് പൂര്‍ണമായും തളര്‍ന്നു. സംസാര ശേഷിയും നഷ്ടമായി. നീണ്ട നാളത്തെ ചികിത്സയ്ക്കൊടുവിൽ കൈകളുടെ ചലനശേഷിയും സംസാരശേഷിയും തിരികെ കിട്ടിയെങ്കിലും കിടപ്പുരോഗിയായതോടെ ജോലിയിൽ തുടരാനാകാത്ത അവസ്ഥയായി.

"

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം മുന്നോട്ടുകൊണ്ട് പോകാൻ ഇൻവാലിഡ് പെൻഷന് അപേക്ഷിച്ചു. ഒപ്പം ജോലി ആശ്രിതരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന അപേക്ഷയും മുഖ്യമന്ത്രിക്ക് നല്‍കി. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ 5100 രൂപ ഇൻവാലിഡ് പെൻഷൻ അനുവദിച്ചു. ഈ തുക കൊണ്ട് ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥ വന്നതോടെ ആശ്രിത നിയമനത്തിനുള്ള ശ്രമം വീണ്ടും തുടങ്ങി.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വീണ്ടും നിവേദനം നല്‍കി. ഷറഫിന്‍റെ അവസ്ഥ നേരില്‍ കണ്ട മന്ത്രിമാരായ കെ ടി ജലീലും തോമസ് ഐസക്കും ഫയല്‍ നീക്കം വേഗത്തിലാക്കി. എന്നാല്‍, ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വീണ്ടും ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. മുഖ്യമന്ത്രിയെ നേരില്‍ കാണാൻ പല വഴിയിലൂടെ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രി കനിഞ്ഞില്ലെങ്കില്‍ ജീവിതം ഇരുളടയുമെന്നുറപ്പാണെന്നും ഷറഫ് പറഞ്ഞു.

click me!