
അരൂർ: കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം താമസിച്ചിരുന്ന ഓടുമേഞ്ഞ ഷെഡ് തകർന്നു വീണു. ഏഴംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡിൽ സലിയുടെ ഷെഡ്ഡാണ് വീണത്. 30 വർഷത്തോളം പഴക്കമുള്ള ഷെഡ് കോൺക്രീറ്റ് തൂണുകളിലാണ് ഉറപ്പിച്ചിരുന്നത്. ഭാര്യ സനിതയ്ക്ക് പല്ലുവേദനയായിരുന്നതിനാൽ ദമ്പതിമാർ ഉറങ്ങിയിരുന്നില്ല. ഇതിനിടെ മുകളിൽനിന്ന് ശബ്ദം കേട്ടപ്പോൾത്തന്നെ സലി കുടുംബാംഗങ്ങളെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. നിമിഷങ്ങൾക്കകം മേൽക്കൂരയടക്കം നിലംപൊത്തി. മേസ്തിരിപ്പണിക്കാരനായ സലി, സനിത, മക്കളായ സരയു, സാരംഗി, സായ്‌കൃഷ്ണ, സലിയുടെ അമ്മ സുകുമാരി, അമ്മയുടെ അമ്മ സരോജിനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം തകർന്നു. വിവരമറിഞ്ഞ് രാത്രി തന്നെ പഞ്ചായത്തംഗം ഷാജൻ സ്ഥലത്തെത്തി. രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജിയും സന്ദർശിച്ചു. വില്ലേജ് ഓഫീസിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഷെഡ് 75 ശതമാനത്തിലധികം തകർന്നതായി റിപ്പോർട്ട് തയ്യാറാക്കി. കാലപ്പഴക്കമുള്ള വീടിന് അറ്റകുറ്റപ്പണി നടത്തുന്നതിനും ലൈഫ് പദ്ധതിയിൽ ഇവർക്കനുവദിച്ച വീട് നിർമിക്കുന്നതിനും തീരദേശപരിപാലന നിയമം തടസ്സമായിരുന്നു. വീട് തകർന്നതോടെ അടുത്തുള്ള ബന്ധുവീട്ടിലാണ് ഇവർ കഴിയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam