
തൃശ്ശൂർ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനകളടക്കം നടത്തുന്ന പ്രതിഷേധം തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി അവരുടെ കുടുംബവുമായി ഞാൻ സംസാരിച്ചിരുന്നുവെന്നുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കന്യാസ്ത്രീകളെ പാർപ്പിച്ച ജയിലിൽ പോയി ബിജെപി നേതാക്കൾ വിവരങ്ങൾ അന്വേഷിച്ച്, അവർക്ക് വേണ്ട വൈദ്യസഹായങ്ങൾ നൽകിയതിന് കുടുംബം എന്നോട് നന്ദി അറിയിക്കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
സിസ്റ്റർമാർക്കുള്ള നിയമ പരിരക്ഷ ഉറപ്പാക്കിയത് ബിജെപിയാണ്. അവർക്ക് ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊണ്ടതും ബിജെപിയാണ്. അങ്ങനെയുള്ള ഒരു പാർട്ടിക്കെതിരെയാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണകാലത്ത് എത്ര പേരാണ് ജയിലിൽ കഴിഞ്ഞത്? ആ സമയത്ത് കോൺഗ്രസിന്റെ ഒരു എം.എൽ.എ യോ എം.പി യോ അവരെ ജയിലിൽ പോയി സന്ദർശിച്ചിട്ടുണ്ടോ എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഒരു മിനിറ്റ് മുൻപ് എങ്കിലും രണ്ട് പേരും മോചിപ്പിക്കാനാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഒരു ദിവസം കൂടുതൽ കന്യാസ്ത്രീകളായ അമ്മമാർ ജയിലിൽ കഴിയട്ടേയെന്നാണ് പ്രതിഷേധിക്കുന്നവർ ആഗ്രഹിക്കുന്നത്.
കോൺഗ്രസിന്റെയും സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ക്കാരുടെയും ആവശ്യവുമതാണെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ചുമത്തിയത് ഗുരുതര വകുപ്പുകൾ
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നു, മനുഷ്യ കടത്തും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam