
തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാതെ അധികൃതർ. ഒടുവിൽ സ്ത്രീകളുൾപ്പെട്ട സംഘം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസും ആറ്റിങ്ങൽ ജല അതോറിറ്റി ഓഫീസും ഉപരോധിച്ചു ചിറയിൻകീഴ് പഞ്ചായത്തിലെ പത്താം വാർഡായ പെരുമാതുറ ഒറ്റപ്പനയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആണ് ഉപരോധം.
തീരപ്രദേശമായ ഇവിടെ കഴിഞ്ഞ രണ്ടു വർഷമായി പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉള്ളതായി നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനായി നാട്ടുകാർ സമീപപ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പലരും വാഹനങ്ങളിൽ സമീപ പ്രദേശങ്ങളിൽ കുടവുമായി എത്തി വെള്ളം ശേഖരിച്ച് കൊണ്ടുവരേണ്ട അവസ്ഥയാണ്. നാട്ടുകാരുടെ അവസ്ഥ പല തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ഇതോടെയാണ് ഉപരോധത്തിലേക്ക് നാട്ടുകാർ കടന്നത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തംഗം അൻസിൽ അൻസാരിയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാർ ഉൾപ്പെടെ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫീസിൽ എത്തിയത്. പൊലീസിൻ്റെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് എൻജിനിയർ നിസാർ സമരക്കാരുമായി നടത്തിയ സമവായ ചർച്ചയിൽ പെരുമാതുറ ഭാഗങ്ങളിൽ അടിയന്തരമായി നാല് ടാങ്കർ കുടിവെള്ളം എത്തിക്കുമെന്നും ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
Read more: പരീക്ഷാ ഫലങ്ങൾ ഓരോന്നായി എത്തി; ഈ 'കണക്ക് മാഷിന്റെ' വീട്ടിൽ നിലയ്ക്കാത്ത സന്തോഷം!
ജല അതോറിറ്റിയിലെ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരക്കാർ ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ശാശ്വതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. നൂറോളം വരുന്ന വീട്ടമ്മമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി സമരക്കാരുമായി നടത്തിയ ചർച്ചയിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam