'വന്‍ വിലക്കിഴിവിൽ വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍'; പഞ്ചനക്ഷത്ര ഹോട്ടൽ ഭക്ഷ്യമേള കേരളീയത്തിൽ

Published : Nov 02, 2023, 10:01 PM IST
'വന്‍ വിലക്കിഴിവിൽ വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍'; പഞ്ചനക്ഷത്ര ഹോട്ടൽ ഭക്ഷ്യമേള കേരളീയത്തിൽ

Synopsis

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്. 

ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉള്‍പ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ വിലക്കിഴിവിലാണ് വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍റ്റണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കേരളീയം ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more:  കേരളീയം ഉത്തരവിൽ ഭേദ​ഗതി: സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാവുന്നത് സെമിനാറുകളിൽ മാത്രം

'നമ്മളെങ്ങനെ നമ്മളായി' പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

'നമ്മളെങ്ങനെ നമ്മളായി' കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്' എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി എന്നിവര്‍ക്കൊപ്പമാണ് പ്രദര്‍ശനം സന്ദര്‍ശിച്ചത്.

ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി, എസ്.എന്‍. സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശില്‍പങ്ങള്‍, ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയടങ്ങുന്നതാണ് പ്രദര്‍ശനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്