' സഖാവേ മാപ്പ് ' ; പി.ജയരാജന് മറുപടിയുമായി വയല്‍ക്കിളികള്‍

By Web TeamFirst Published Nov 28, 2018, 7:28 PM IST
Highlights

 പാര്‍ട്ടി പട്ടിണി പാവങ്ങളുടെതാണെന്ന് തെറ്റിദ്ധരിച്ചതിനാണ് ആദ്യം മാപ്പ് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയില്‍ സംഭവിച്ച മൂല്യ ചുതിയെയും പാര്‍ട്ടി സ്വീകരിച്ച നവ ലിബറൽ സാമ്പത്തിക നയങ്ങളെയും ചങ്ങാത്ത മുതലാളിത്തത്തെയും സ്തുതിക്കാന്‍ മടികാണിച്ചതിനും മാപ്പ് ചോദിക്കുന്നു. 

കീഴാറ്റൂര്‍ (കണ്ണൂര്‍):  രാഷ്ട്രീയമായി സിപിഎമ്മിനുണ്ടായ മൂല്യചുതിയെ ചൂണ്ടികാണിച്ച്  വിമര്‍ശമാത്മകമായി വയല്‍ക്കിളികളുടെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയപാതാ വികസന അലൈന്‍മെന്‍റ് മാറ്റുമെന്ന് വാഗ്ദാനം നൽകി ബിജെപി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും വഞ്ചിച്ചെന്നും ഈ വഞ്ചന വയല്‍കിളികള്‍ കേരളത്തോട് തുറന്ന് സമ്മതിക്കണമെന്നും മാപ്പ് പറഞ്ഞാല്‍ സിപിഎമ്മിലേക്ക് തിരിച്ചുവരാമെന്നും പറഞ്ഞ പി.ജയരാജന് മറുപടിയുമായാണ് വയല്‍ക്കിളികള്‍ രംഗത്തെത്തിയത്. വയല്‍ക്കിളികള്‍ക്ക് വേണ്ടി നിശാന്ത് പെരിയാരമാണ് ഫേസ്ബുക്കില്‍ പി.ജയരാജന് മറുപടിയുമായി രംഗത്തെത്തിയത്. 

പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്ന സുവര്‍ണാവസരം പ്രയോജനപ്പെട്ടുത്തി മാപ്പര്‍ഹിക്കാത്ത എല്ലാ തെറ്റുകള്‍ക്കും എണ്ണിയെണ്ണി പരസ്യമായി മാപ്പ് ചോദിക്കുകയാണെന്നും ഫേസ്ബുക്കില്‍ നിശാന്ത് പെരിയാരം എഴുതുന്നു. പാര്‍ട്ടി പട്ടിണി പാവങ്ങളുടെതാണെന്ന് തെറ്റിദ്ധരിച്ചതിനാണ് ആദ്യം മാപ്പ് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയില്‍ സംഭവിച്ച മൂല്യ ചുതിയെയും പാര്‍ട്ടി സ്വീകരിച്ച നവ ലിബറൽ സാമ്പത്തിക നയങ്ങളെയും ചങ്ങാത്ത മുതലാളിത്തത്തെയും സ്തുതിക്കാന്‍ മടികാണിച്ചതിനും മാപ്പ് ചോദിക്കുന്നു.  സർവ്വോപരി സിപിഎം ഒരു മാർക്സിസ്റ്റ് പാർട്ടിയാണെന്ന് തെറ്റിദ്ധരിച്ചതിനും മാപ്പ് ചോദിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

കേന്ദ്രം അലൈന്‍മെന്‍റുമായി മുന്നോട്ട് പോയാലും കീഴാറ്റൂരിലെ അവസാനത്തെ വയലിലും മണ്ണിട്ട് മൂടുന്നത് വരെ തങ്ങള്‍ സമരം ചെയ്യുമെന്ന് സുരേഷ്  കീഴാറ്റൂര്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. തങ്ങള്‍ വികസനത്തിനെതിരല്ലെന്നും എന്നാല്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള വികസനത്തിനാണ് എതിരെന്നും അദ്ദേഹം പറഞ്ഞു. 

നിശാന്ത് പെരിയാരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

സഖാവേ ഇതാ തെറ്റുതിരുത്തിക്കൊണ്ടുള്ള എന്റെ മാപ്പപേക്ഷ

ആദരണീയനായ CPM ജില്ലാ സെക്രട്ടറി സഖാവ് P. ജയരാജന്റെ പ്രസ്താവന കേട്ടു .. തെറ്റുതിരുത്തിയാൽ വയൽക്കിളികളെ പാർടിയിൽ തിരിച്ചെടുക്കും പോലും ... വയൽക്കിളി സമരത്തോടൊപ്പം ചേർന്ന് പാർടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയ ഈയുള്ളവനും സഖാവ് തരുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തി എണ്ണിയെണ്ണി പരസ്യമായി മാപ്പ് ചോദിക്കുകയാണ്..

1. ഈ പാർടി പട്ടിണിപ്പാവങ്ങളുടെയും കർഷകരുടെയും സാധാരണക്കാരുടെയും പാർടിയാണ് എന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ് ..

2. നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും തോളിലേറി വരുന്ന വികസന കെട്ടുകാഴ്ചകളെ സ്തുതിക്കാൻ മടി കാണിച്ചതിന് മാപ്പ് ..

3. കേരളത്തിൽ അവശേഷിക്കുന്ന നെൽവയലുകൾ നികത്താതെ നിലനിർത്തേണ്ടതാണ് എന്ന് വാദിച്ചതിന് മാപ്പ് ..

4. ഇന്നലെകളിൽ റോഡുകൾക്കായി വയൽ നികത്തി എന്ന ഒറ്റക്കാരണത്താൽ ഇന്നും നാളെയും നിയന്ത്രണമില്ലാതെ വയൽ നികത്താമെന്ന് വികസനമാലാഖമാർ ഉദ്ബോധിപ്പിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയതിന് മാപ്പ് ..

5. ഓരോ വയലും ഓരോ ജലസംഭരണിയാണ് എന്ന പാരിസ്ഥിതിക തിരിച്ചറിവ് പ്രചരിപ്പിച്ചതിന് മാപ്പ് ..

6. കിണർ വറ്റിയാൽ കുടിവെള്ളം കുഴലിലൂടെ മുറ്റത്തെത്തിക്കുമെന്ന MLA സഖാവിന്റെ വാഗ്ദാനത്തെ അവഗണിച്ചതിന് മാപ്പ് ..

7. പുനർനിർമിക്കാനാകാത്ത പാരിസ്ഥിതിക വ്യവസ്ഥകൾ ഇനിയും നശിപ്പിച്ചു കൂടാ എന്ന ദുർവാശിയ്ക്ക് മാപ്പ് ..

8. കുടിവെളളം ലോക ബാങ്കിന്റെയും ജപ്പാൻ ബാങ്കിന്റെയും ADB യുടെയും ഔദാര്യമാണെന്ന് തിരിച്ചറിയാത്തതിന് മാപ്പ് ..

9. മുനിസിപ്പാലിറ്റി ഫണ്ടുപയോഗിച്ച് നിർമിച്ച EMS റോഡ് , സുരേഷ് കീഴാറ്റൂർ വയൽ നികത്തി സ്വന്തം വീട്ടിലേക്കുണ്ടാക്കിയ സ്വകാര്യ റോഡാണെന്ന പച്ചക്കള്ളം പാർടി പത്രവും പാർടി ചാനലും പ്രചരിപ്പിച്ചപ്പോൾ അതു കള്ളമാണെന്ന് തെളിവു സഹിതം വിളിച്ചു പറഞ്ഞതിന് മാപ്പ് ..

10. സമരപ്പന്തൽ കത്തിച്ചത് സമരക്കാർ തന്നെയാണെന്ന CPM നുണ പൊളിഞ്ഞ കാര്യം സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ അറിയിച്ചതിന് മാപ്പ് ..

11. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ടോൾ പാതകളെ ഉയർന്ന കമ്യൂണിസ്റ്റ് മൂല്യബോധത്തിലുറച്ചു നിന്നു കൊണ്ട് വിമർശിച്ചതിന് മാപ്പ് ..

12. മഹാ പ്രളയത്തിനൊടുവിലെങ്കിലും വയലുകൾ നില നിർത്തേണ്ടതാണെന്ന തിരിച്ചറിവ് പാർടി നേതൃത്വത്തിനുണ്ടാകും എന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ്..

13. സർവ്വോപരി ഇത് ഒരു മാർക്സിസ്റ്റ് പാർടിയാണെന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ് ..

പ്രിയ സഖാവേ.. മാപ്പർഹിക്കാത്ത തെറ്റാണെന്നറിയാം എങ്കിലും ..
- നിശാന്ത് -
 

 

click me!