
വാടാനപ്പള്ളി: ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ടു, കുടുങ്ങിയത് ഭീമൻ പുള്ളി തിരണ്ടി. തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന സുഹൃത്തുക്കളായ അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി പെട്ടത്. ഒഴിവു ദിവസം നോക്കിയാണ് മൂവ്വരും ഞായറാഴ്ച രാവിലെ ചൂണ്ടയുമായി തമ്പാൻകടവ് ബീച്ചിൽ എത്തിയത്. കടലോരത്ത് നിന്നാണ് ചൂണ്ടയിട്ടത്.
ചെറു മീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വമ്പൻ മത്സ്യം ചൂണ്ടയിൽ കൊത്തിയത്. തുടർന്ന് ചൂണ്ട വലിച്ചിട്ടും മത്സ്യം കരയിലേക്ക് എത്തിക്കാൻ പ്രയാസപ്പെട്ടു. തുടർന്ന് മൂന്നുപേരും വളരെ പാടുപെട്ട് വളരെ നേരത്തിന് ശേഷം മത്സ്യത്തെ വലിച്ച് കരക്ക് കയറ്റിയപ്പോഴാണ് പുള്ളി തിരണ്ടിയാണെന്ന് മനസിലായത്. 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി വിൽപ്പന നടത്തി.
ഒഴിവു ദിവസം കടലിൽ ചൂണ്ടയിടാൻ യുവാക്കളുടെ തിരക്കാണ്. അതേസമയം, കഴിഞ്ഞ ദിവസം തൃശൂരില്‍ ചെമ്മീന്‍ ചാകര എത്തിയതും വീശു വലക്കാര്‍ക്ക് വലിയ ആശ്വാസമായി. ബുധനാഴ്ച രാവിലെ മുതല്‍ കാപ്പിരിക്കാട് ബീച്ച് മുതല്‍ തങ്ങള്‍പ്പടി, പെരിയമ്പലം, കുമാരംപടി വരെയുള്ള കടല്‍ത്തീരങ്ങളില്‍ വലയെറിഞ്ഞവര്‍ക്ക് യഥേഷ്ടം മത്സ്യം ലഭിച്ചു. ചെമ്മീന്‍, പട്ടത്തി, മാന്തള്‍, കോര, കൂന്തള്‍, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. വീശുവലയെറിഞ്ഞ് ഉപജീവനം നടത്തുന്നവര്‍ക്ക് ചാകര കോളിന്റെ ദിനമായിരുന്നു കഴിഞ്ഞ ദിവസം.
ഓരോ ചെറിയ തിരമാലകളിലും ചെമ്മീന്‍ കൂട്ടമായി എത്തിയതോടെ നൂറുകണക്കിന് വീശുവലക്കാരാണ് തങ്ങള്‍പ്പടി, പെരിയമ്പലം കടലോരത്ത് വല വീശാന്‍ എത്തിയത്. വിശു വലക്കാര്‍ക്ക് പുറമെ കണ്ടാടി വല നീട്ടിയും തെര്‍മോകോള്‍, വലിയ വാഹനങ്ങളുടെ ട്യൂബ് എന്നിവ ഉപയോഗിച്ച് കരഭാഗങ്ങളില്‍ പോയി മീന്‍ പിടിക്കുന്ന യുവാക്കളും സജീവമായി. ഇവര്‍ക്കും ഇഷ്ടാനുസരണം മത്സ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീശു വലക്കാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam