കുടിവെള്ളത്തിനായി കാത്തിരുന്നത് 50 വര്‍ഷം; ഒടുവില്‍ ആറ് കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍

By Web TeamFirst Published Aug 18, 2021, 6:20 PM IST
Highlights

മൂന്നാര്‍ കോളനിയില്‍ പഞ്ചായത്തിന്റെ നിരവധി പദ്ധതികള്‍ നടപ്പാലാക്കിയെങ്കിലും മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ  ആറ് വീടുകളില്‍ കുടിവെള്ളമെത്തിയിരുന്നില്ല.
 

മൂന്നാര്‍: മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ആറ് കുടുംബങ്ങള്‍ കഴിഞ്ഞ അര നൂറ്റാണ്ടായി കാത്തിരിപ്പിലായിരുന്നു, തങ്ങള്‍ക്ക്  കുടിവെള്ളം എന്നെങ്കിലും വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍. ഒടുവില്‍ 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. പൊലീസ് സ്റ്റേഷന് സമീപത്തെ ആറ് വീടുകളില്‍ കുടിവെള്ളമെത്തി. 

ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ പഞ്ചായത്തും ജലവിഭവ വകുപ്പും വേണ്ടരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അധികാരികളുടെ പിടിപ്പുകേടും കൊണ്ട് നിരവധി പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചില്ല. മൂന്നാറിലെ സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലായിരുന്നു ഈ അനാസ്ഥ. 

സാധരണക്കാര്‍ താമസിക്കുന്ന മേഖലകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും ജലനിധി പ്രവര്‍ത്തകരും നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിനും ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിനും കോടികള്‍ ചിലവാക്കുകയും ചെയ്യുന്നു. എന്നാല്‍ മൂന്നാര്‍ കോളനിയില്‍ പഞ്ചായത്തിന്റെ നിരവധി പദ്ധതികള്‍ നടപ്പാലാക്കിയെങ്കിലും മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ  ആറ് വീടുകളില്‍ കുടിവെള്ളമെത്തിയില്ല.

കുടിവെള്ളത്തനായി അരനൂറ്റാണ്ടിലേറെയായി നിരവധി അപേക്ഷകളും നിവേദനങ്ങളുമായി ഇവരെത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.  വേനല്‍ കാലത്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രദേശവാസികള്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റതോടെ യുദ്ധകാല അടിസ്ഥാനത്തില്‍ വെള്ളമെത്തിക്കുകയായിരുന്നു. വാര്‍ഡ് അംഗം രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് മാഷ് പീറ്റര്‍ എന്നിവരുടെ നേത്യത്വത്തില്‍ ജലവിഭവവകുപ്പുമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആറ് കുടുംബങ്ങള്‍ക്ക്  കുടിവെള്ളമെത്തിയത്.  എന്തായാലും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും തങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയവര്‍ക്ക് നന്ദി പറയുകയാണ് ഈ കുടുംബങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!