
തൃശൂര്‍: ഐ.ജി ചമഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെതിരെ കൂടുതല്‍ പരാതികള്‍. തിരുത്തിപറമ്പ് സ്വദേശിയില്‍ ആറു ലക്ഷം തട്ടിയതായി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി. തിരുത്തിപറമ്പ് മാളിയേക്കല്‍ വീട്ടില്‍ റിട്ട:ട്രഷറി ഓഫിസറായ മുഹമ്മദ് കുട്ടിയെ കബളിപ്പിച്ചാണ് പണം തട്ടിയത്.
ബൊലേറോ ജീപ്പ്, മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ഒന്നര ലക്ഷം എന്നിവയാണ് ഇയാള്‍ തട്ടിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഐ.ജി ബാനുകൃഷ്ണ എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. തനിക്ക് ഐ.പി.എസ് ലഭിച്ചെന്നും ഇതിനായി വാഹനവും പണവും ആവശ്യമുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ്കുട്ടിയില്‍ നിന്ന് ഇവയെല്ലാം വാങ്ങിയത്.
മിഥുനും ഇയാളുടെ സഹോദരി സന്ധ്യയും മേയ്മാസം മുതല്‍ മുഹമ്മദ്കുട്ടിയുടെ മരുമകന്‍റെ ഉടമസ്ഥതയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മണ്ണുത്തി പൊലീസാണ് ഇയാളെ വലയില്‍ വീഴ്ത്തിയത്. മിഥുന്‍റെ രണ്ടാം ഭാര്യയായ താളിക്കുണ്ട് സ്വദേശിനിയുടെ സഹോദരന് സിവില്‍ പൊലീസ് ഓഫിസറായി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അഞ്ച് ലക്ഷം രൂപ തട്ടിയത്.
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് പിസ്റ്റളുമായി പൊലീസ് സ്റ്റിക്കര്‍ പതിച്ച വാഹനത്തിലായിരുന്നു ഇയാള്‍ പണം തട്ടാന്‍ ഇറങ്ങിയത്. തനിക്ക് സ്ഥലം മാറ്റമായെന്നും ഇത് തെളിയിക്കുന്ന വ്യാജ ഉത്തരവിന്‍റെ പകര്‍പ്പ് ഇയാള്‍ ഭാര്യ വീട്ടുകാരെ കാണിച്ചതായും പറയുന്നു. ഇയാളുടെ സമീപനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മിഥുന്‍ പിടിയിലായത്. ഇതിനിടെ അപസ്മാരത്തെത്തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam