കൊവിഡ് 19; മലപ്പുറം ജില്ലയിൽ ആറ് പേർ കൂടി രോഗമുക്തരായി, വ്യാഴാഴ്ച ആശുപത്രി വിടും

By Web TeamFirst Published May 27, 2020, 10:07 PM IST
Highlights

മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിയായ 34 കാരിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് കുവൈത്തിൽ നിന്നാണ് ഗർഭിണിയായ ഇവർ എത്തിയിരുന്നത്. 

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി 34 കാരൻ, മെയ് 14 ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരൻ, അന്നുതന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശി 44 കാരൻ, മെയ് 15 ന് രോഗബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 49 കാരൻ, മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരൻ, താനാളൂർ സ്വദേശി 33 കാരൻ  എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. 

ഇവർക്ക് പുറമെ മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിയായ 34 കാരിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് കുവൈത്തിൽ നിന്നാണ് ഗർഭിണിയായ ഇവർ എത്തിയിരുന്നത്. അങ്ങാടിപ്പുറം സ്വദേശി അബുദബിയിൽ നിന്നും തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായിൽ നിന്നും എത്തിയവരാണ്. 

മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയിൽ നിന്നും താനാളൂർ സ്വദേശി കോയമ്പത്തൂരിൽ നിന്നുമാണ് എത്തിയിരുന്നത്. ഇവർ ആറ് പേരും വ്യാഴാഴ്ച ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങും. രോഗം ഭേദമായവർ ഇപ്പോൾ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലാണ്.

click me!