
കോഴിക്കോട് :- വീടിന്റെ സമീപമുള്ള ഓവുചാലിൽ ഒരു വർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കേസ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. സി എച്ച് മേൽപ്പാലത്തിനു സമീപത്തെ പുത്തൻവീട് പറമ്പിൽ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്. മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേർ താമസിക്കുന്ന വീട്ടിൽ കൂടുതലും സ്ത്രീകളാണുള്ളത്.
കക്കൂസ് മാലിന്യത്തിന്റെ ദുർന്ധം കാരണം ഇവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല. പാതിരാത്രിയിലും പുലർച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് പോലീസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്പർ പോലീസിനും നഗരസഭക്കും നൽകിയിട്ടും നടപടിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam