
ശബരിമല: സന്നിധാനത്തിന് സമീപം കൊപ്രകൾ സൂക്ഷിച്ച കൊപ്രക്കളം ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം എത്തി പുകയണച്ച് അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്.
ഉടൻ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫീസറുമായ കെ ആർ അഭിലാഷ് നേതൃത്വം നൽകി. എഡിഎം അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.
പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. "രണ്ട് ദിവസം നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഷെഡ്‌ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പുക ഉയർന്നത്," എഡിഎം പറഞ്ഞു. അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam