
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തിയിരുന്ന സംഘത്തിലെ ഒരാൾ കൂടി തിരുവനന്തപുരത്ത് അറസ്റ്റിൽ. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിലെ പ്രതിയും, കഴിഞ്ഞ ദിവസം അറസ്റ്റിലായ ചക്കര പ്രവീൺ എന്ന പ്രവീണിന്റെ കൂട്ടാളിയുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആഡംബര കാറുകളിൽ ആന്ധ്രപ്രദേശിലെ ഉൾവന മേഖലകളിൽ നിന്നും 100കിലോയ്ക്ക് മുകളിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ഗോഡൗണുകളിൽ ഇറക്കും. പിന്നീട് കേരളത്തിലെ ചെറുകച്ചവടക്കാർക്ക് 10 കിലോ 15 കിലോ കണക്കിൽ വിതരണം ചെയ്യുന്നതാണ് അഭിഷേകിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ ശാന്തിഭൂഷനെ കഴിഞ്ഞ മാസം പത്തര കിലോ കഞ്ചാവുമായി കസ്റ്റഡിയിൽ എടുത്തിരുന്നു.
ശാന്തിഭൂഷനെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് പ്രവീൺ, അഭിഷേക് എന്നിവരാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും കഴിഞ്ഞ ദിവസം പ്രവീണിനെ പിടികൂടിയിരുന്നു. പ്രവീണിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അഭിഷേകുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ലഭിക്കുന്നത്. തുടർന്ന് പൂങ്കുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുമെന്നും കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Read More : രാത്രി റോഡിൽ കാത്തിരുന്നു, സ്കൂട്ടറിലെത്തിയ ദമ്പതിമാരെ തടഞ്ഞ് വെട്ടുകത്തി വീശി; വധശ്രമക്കേസിൽ യുവാവ് പിടിയിൽ