Vava suresh : 'വീണ്ടും ഷോ തുടങ്ങി, പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം'- വാവ സുരേഷിന് വിമർശനം

Published : Mar 27, 2022, 10:45 AM ISTUpdated : Mar 27, 2022, 11:00 AM IST
Vava suresh : 'വീണ്ടും ഷോ തുടങ്ങി, പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം'- വാവ സുരേഷിന് വിമർശനം

Synopsis

 മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിലെ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് തിരികെയെത്തിയത്. 

പത്തനംതിട്ട: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് (Vava suresh) കോട്ടയം മെഡിക്കൽ കോളേജിലെ (Kottayam medical college) ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് തിരികെയെത്തിയത്. ഇതിന് പിന്നാലെ വീണ്ടും പാമ്പുകളെ പിടിക്കാനും വാവ സുരേഷ് തുടങ്ങി. മുൻപ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച് ഇൻഫോ ക്ലിനിക്ക് അഡ്മിൻ കൂടിയായ ജിനേഷ് പിഎസ് നടത്തിയ വിമർശനമാണ് ശ്രദ്ധ നേടുന്നത്.

ആരോഗ്യ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ആശുപത്രി കിടക്കയിൽ വച്ച് ഇനി സുരക്ഷിതമായി പാമ്പു പിടിക്കുമെന്ന് വാവ സുരേഷ് മന്ത്രി വിഎൻ വാസവനോട് ഉറപ്പ് നൽകിയിരുന്നു. വീണ്ടും ഷോയുമായി ഇറങ്ങിയ വാവ സുരേഷിന്റെ ഇത്തരം നിരുത്തരവാദപരമായ നടപടിക്ക് മന്ത്രിമാരെങ്കിലും കയ്യടിക്കരുതെന്നടക്കമുള്ള വിമർശനമാണ് ജിനേഷ് ഉയർത്തിയത്.

ജിനേഷിന്റെ കുറിപ്പിങ്ങനെ...

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 

പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എൻ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം. 

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാരതപ്പുഴയിൽ മായന്നൂർ കടവിന്നടുത്ത് നിമിഷങ്ങൾക്കുള്ളിൽ പടർന്ന് തീയും പുകയും; 200 മീറ്ററോളം ദൂരത്തിൽ പുല്ല് കത്തിയമർന്നു
'ഒന്നും നോക്കണ്ട ഓടിക്കോ', നാടുകാണിയിൽ ജനവാസ മേഖലയിൽ കൊമ്പൻ, വിരട്ടാനെത്തിയ വനംവകുപ്പ് ജീവനക്കാരെ തുരത്തിയോടിച്ച് ഒറ്റയാൻ