
കൊച്ചി: എച്ച്.എം.ടി. റോഡിലെ സെന്റ് പോൾസ് കോളേജിന് സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ പാമ്പ് കയറിയതിനെ തുടർന്ന് പരിഭ്രാന്തി. ആലുവ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ പാമ്പിനെ കണ്ടത്. സമീപത്തെ ഗവ. ഐ.ടി.ഐ.യിലെ വിദ്യാർത്ഥികളാണ് സ്‌കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ ഉടമസ്ഥർ എത്തുന്നതുവരെ കാത്തുനിന്ന വിദ്യാർത്ഥികൾ ഉടൻതന്നെ വിവരമറിയിച്ചു. ഈ സമയം അതുവഴി കടന്നുപോയ പോലീസ് പെട്രോളിംഗ് സംഘം ഉടൻ തന്നെ സ്‌നേക്ക് റെസ്‌ക്യൂവറുടെ നമ്പർ കൈമാറി. കളമശ്ശേരി സ്വദേശിയായ റിലാക്സ് ഷെരീഫ് ഉടൻ സ്ഥലത്തെത്തി. വാഹനത്തിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, സ്‌കൂട്ടർ ഒന്നര കിലോമീറ്ററോളം അകലെയുള്ള വർക്ക്‌ഷോപ്പിലേക്ക് എത്തിച്ചു. തുടർന്ന് വാഹനത്തിൻ്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാമ്പിനെ പിടികൂടിയത്. ചേരയായിരുന്നു പാമ്പെങ്കിലും, ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.